റീലിലും റിയലിലും തിളങ്ങി കീഴ്പ്പയ്യൂരിലെ കുളം
📸പ്രസൂൺ നാരായണൻ

റീലിലും റിയലിലും തിളങ്ങി കീഴ്പ്പയ്യൂരിലെ കുളം

✍️അഞ്ജു നാരായണൻ

  • മഴക്കാലത്ത് പ്രദേശവും കുളവും ടൂറിസ്റ്റ് സ്പോട്ടായി മാറിയിരിക്കുകയാണ്

ഴക്കാലം മനോഹരമാണ്. എല്ലാറ്റിനെയും കഴുകിക്കളയുന്ന പ്രവാഹമാണ് മഴയെന്നൊക്കെ പല സൃഷ്ടികളിലും കാണാം. കണ്ണീര് കാണാതിരിക്കാൻ മഴ നനഞ്ഞവനും, എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? എന്ന് ചോദിച്ച അച്ഛനും… ആനന്തത്തിന്റെ അമൃത വർഷിണി രാഗമായി പല പാട്ടുകളിലും സിനിമകളിലും കാവ്യങ്ങളിലും…അങ്ങനെ നീളുന്നു മഴക്കാര്യം…

പറഞ്ഞു വരുന്നത് ഒരു കുളവും മഴയിൽ കുതിർന്നു നിൽക്കുന്ന ഒരു ഗ്രാമത്തെയും കുറിച്ചാണ്. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന , ഒരു കാലത്ത് നെല്ലറയെന്ന് അറിയപ്പെട്ട കരുവോട് ചിറയ്ക്ക് അഭിമുഖമായുള്ള കുളത്തെക്കുറിച്ച്. റീലിലും റിയലിലും ഒരേ സമയം തിളങ്ങുകയാണ് നമ്പിച്ചാം കണ്ടി കടവ് കുളം .

മഴക്കാലമാവുമ്പോൾ പഞ്ഞമാസത്തിലെ സ്ഥിരം വാർത്തമാനങ്ങൾക്ക് ഇന്നിപ്പോൾ റീൽയുഗത്തിൽ പ്രസക്തിയില്ല. മഴക്കാലത്തിന്റെ വറുതിയും പട്ടിണിയും കടന്ന് ആളുകൾ റീലിൽ പുതിയ സ്ഥലങ്ങൾ കാണാനുള്ള തിടുക്കത്തിലാണ്. മഴയത്ത് നിറഞ്ഞു നിൽക്കുന്ന കരുവോട് ചിറയിൽ മേഘകീറിൽ കൊത്തിയ ചതുരം പോലെയാണ് കുളത്തിന്റെ നിർമിതി. മേപ്പയ്യൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കീഴ്‌പ്പയ്യൂർ നമ്പിച്ചാം കണ്ടി കടവ് കുളം. നവമാധ്യമങ്ങളിൽ കുളം ഹിറ്റാണ്. കോരി ചൊരിയുന്ന മഴയെ വകവെക്കാതെ കാലത്ത് ആറ് മണി മുതൽ വൈകിട്ട് എഴ് മണി വരെ കുളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

നീന്തൽ പഠിക്കാനും കൂട്ടുകാരൊത്ത് നീന്താനും, സകുടുംബം നീന്താനും തിരക്കാണിവിടെ. ഒമ്പത് സെൻ്റിലധികം വിസ്തൃതിയിൽ കരിങ്കൽ പടവുകളാലും ചുറ്റു മതിലുകളാലും നിർമിച്ച കുളം മേപ്പയൂർ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലാണ്.
ഈ കുളത്തിനടുത്തുതന്നെ മറ്റ് രണ്ട് കുളമുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനാൽ തിരക്ക് കൂടുമ്പോൾ മറ്റു കുളങ്ങളിലേക്ക് പോവാനും കഴിയും. കാർഷികാവശ്യങ്ങൾക്കായി നിർമിച്ച മൂന്ന് കുളങ്ങളും ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രമായികൊണ്ടിരിക്കുകയാണ്.

റീൽ വഴി പ്രചാരം കിട്ടിയതോടെ നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. കുളത്തിലേക്ക് എത്തുന്ന ആളുകൾക്ക് നിർദ്ദേശം നൽകാനും മറ്റുമായി കീഴ്പയ്യൂരിലെ ‘പയ്യൂർ ഗ്രാമം’ വാട്സ്ആപ്പ് ഗ്രൂപ്പും രംഗത്ത് സജീവമായുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )