
റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് അതിജീവിത
- അനിശ്ചിതകാല സമരം തുടങ്ങി
കോഴിക്കോട്: അഞ്ച് ദിവസം തെരുവിലിരുന്നിട്ടും അധികൃതർ ഇടപെടാത്തതിനെത്തുടർന്ന് റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തുന്ന സമരം അഞ്ചുദിവസം പിന്നിടുമ്പോൾ അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയും നടപടിയെന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് അതിജീവിത ചൊവ്വാഴ്ച ഉച്ചയ്ക്ക് റോഡിനു നടുവിലേക്ക് പ്രതിഷേധം മാറ്റിയത്.
റോഡരികിലൊതുങ്ങിയിരുന്ന് അഞ്ച് ദിവസം സമരം ചെയ്തിട്ടും ഒരാളും തിരിഞ്ഞുനോ ക്കിയിട്ടില്ലെന്നും. എല്ലാവരും പ്ലക്കാർഡ് വായിച്ചു പോയി എന്നല്ലാതെ എന്താണെന്ന് ആരും അന്വേഷിച്ചില്ല എന്നും അതിജീവിത പറയുന്നു.
ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിത അനിശ്ചിതകാല സമരം തുടങ്ങിയത്. എന്നാൽ, ഇക്കാര്യത്തിൽ കമ്മിഷണർ ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല.
അതേ സമയം വൈകീട്ട് അതിജീവിതയും ഒപ്പമുള്ളവരും ഉത്തരമേഖലാ ഐജി. കെ. സേതുരാമനെ കണ്ടു. തുടർന്ന് മൂന്ന് ദിവസത്തിനകം കമ്മിഷണറോട് റിപ്പോർട്ട് തേടി മറുപടി നൽകാമെന്ന് ഐജി അറിയിച്ചിട്ടുണ്ട്. നിലവിൽ സമരം തുടരാൻ തന്നെയാണ് അതിജീവിതയുടെ തീരുമാനം” -സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറ ഞ്ഞു.
