
ലോറിയിൽനിന്ന് പണവും രേഖകളും മോഷ്‌ടിച്ചു ;രണ്ടുപേർ പിടിയിൽ
- മുപ്പതിനായിരം രൂപയും രേഖകളും നഷ്ടപ്പെട്ടിരുന്നു
ബേപ്പൂർ :നിർത്തിയിട്ട ലോറിയിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ച രണ്ടുപേർ ബേപ്പൂർ പോലീസ് പിടിയിൽ. പയ്യാനക്കൽ ചാമുണ്ടി വളപ്പ് സ്വദേശികളായ പുളിക്കൽതൊടി സി.വി. മുഹമ്മദ് ഷംസീർ (22), ജാസ്മിൻ മൻസിലിൽ മുഹമ്മദ് ജാസു (26) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്ത് മത്സ്യം ഇറക്കി ബേപ്പൂർ ഫിഷിങ് ഹാർബറിൽ തിരിച്ചെത്തിയ ‘സുൽത്താൻ’ ലോറിയിൽ നിന്നാണ് പ്രതികൾ പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ഹാർബറിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ ഉറങ്ങുമ്പോഴായിരുന്നു മോഷണം നടത്തിയത് .മുപ്പതിനായിരം രൂപയും രേഖകളും നഷ്ടപ്പെട്ടിരുന്നു. ഫിഷിങ് ഹാർബറിലെ സിസിടിവി പരി ശോധിച്ചപ്പോഴാണ് രണ്ടുപേർ ലോറിയിൽ കയറി ബാഗ് മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
ബോട്ടിന്റെ വല മോഷ്ടിച്ച കേസിൽ മുഹമ്മദ് ഷംസീറിനെ ആറുമാസം മുമ്പ് ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോട്ടോർ മോഷണം, കഞ്ചാവ് ഉപയോഗം എന്നീ കുറ്റങ്ങളിൽ പന്നിയങ്കര സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കസബ, വാഴക്കാട് സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകളുണ്ട്. മുഹമ്മദ് ജാസു പന്നിയങ്കര സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയാണ്. കോഴിക്കോട് ടൗൺ, കസബ സ്റ്റേഷനുകളിലും കേസുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. സിഐ ജയകൃഷ്ണൻ, എസ്ഐ ശുഹൈബ്, സിപിഒ സജീഷ് കുമാർ, എസ് സിപി ഒ.മധുസൂദനൻ, ഷീന എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.