
വയനാടും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു
- രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്
ചേലക്കര/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ചില ബൂത്തുകളിൽ തുടക്കത്തിൽ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചെറിയ സാങ്കേതിക തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നു.

ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളിലും രാവിലെ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വോട്ടെടുപ്പിച്ച് അരംഭിച്ചപ്പോൾ തന്നെ സ്ത്രീകളടക്കമുള്ളവരുടെ വലിയ ക്യൂ ആണ് പലയിടത്തുമുള്ളത്. 14,71,742 വോട്ടർമാരും 1354 പോളിങ് സ്റ്റേഷനുകളുമുള്ള വയനാട് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളിൽ പോളിങ് മന്ദ ഗതിയിലാണ്. ഇരുമണ്ഡലത്തിലും വോട്ടെടുപ്പ് പൂർണമായും ക്യാമറ നിരീക്ഷണത്തിലാണ്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് ചേലക്കരയിലും വയനാട്ടിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്