
വയലിൽ പ്ലാസ്റ്റിക് മുതൽ കക്കൂസ് മാലിന്യം വരെ; പൊറുതിമുട്ടി ജനം
- കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത വിധം മലിനമായിരിക്കുകയാണ്
കോഴിക്കോട് : തണ്ണീർപ്പന്തൽ-മാളിക്കടവ് റോഡിനുസമീപം വർഷങ്ങൾക്കുമുൻപ് വരെ കൃഷിയുണ്ടായിരുന്ന വയൽ ഇപ്പോൾ മാലിന്യം നിറഞ്ഞു ദുർഗന്ധത്താൽ ജനങ്ങൾക്ക് തലവേദനയായിരിക്കുകയാണ്. കോർപ്പറേഷൻ ഒൻപതാം വാർഡിലാണ് ഈ വയൽ. കോൺക്രീറ്റ് മാലിന്യം മുതൽ കക്കൂസ് മാലിന്യംവരെ ഇവിടെ തള്ളുന്നുണ്ട്.മാലിന്യം ഒഴുകി പ്രദേശത്തെ കിണറുകളിലെ വെള്ളംപോലും ഉപയോഗിക്കാനാവാത്തവിധം മലിനമായിരിക്കുകയാണ്.

കനത്തമഴപെയ്‌താൽ താഴ്ന്നഭാഗത്തെ പത്തുവീടുകളുടെ മുറ്റത്ത് വരെ മലിനജലം ഒഴുകിയെത്തും. മാലിന്യം കൂടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്കുപോലും തടസ്സപ്പെടുകയാണ്. രാത്രികാലങ്ങളിലാണ് കക്കൂസ് മാലിന്യമുൾപ്പെടെ വയലിൽ കൊണ്ടുവന്ന് തള്ളുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ദുർഗന്ധവും ശുചിത്വപ്രശ്‌നവും കാരണം ബുദ്ധിമുട്ടുകയാണെന്നും ഇവർ പറയുന്നു. മഴക്കാലത്ത് പരപ്പങ്ങാട് ഭാഗത്തുള്ള കനാലിലൂടെ ഒഴുകിവരുന്ന മാലിന്യവും ഈ വയലിലാണ് എത്തിച്ചേരുന്നത്. കനാലിൽ വഴിയാത്രക്കാർ വലിച്ചെറിയുന്ന മാലിന്യമാണ് ഒഴുകിയെത്തുന്നത്