
വാദി പ്രതിയായി ; ഒടുവിൽ കോടതി വഴി നീതിയെത്തി
- പോലീസ് വാദിയെ പ്രതിയാക്കിയ സംഭവത്തിൽ പരാതിക്കാരന് ഒടുവിൽ കോടതിവഴി നീതി ലഭിച്ചു
വടകര :വാഹനാപകടക്കേസിൽ പോലീസ് വാദിയെ പ്രതിയാക്കിയ സംഭവത്തിൽ പരാതിക്കാരന് ഒടുവിൽ കോടതിവഴി നീതി ലഭിച്ചു .
തോടന്നൂർ അമ്പലമുക്കിലെ മൊയിലോത്ത് പറമ്പത്ത് രാജേഷിന് (48) വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിലാണ് വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ എതിർകക്ഷി കുറ്റം സമ്മതിച്ചത്.
ചെരണ്ടത്തൂർ സ്വദേശി സലീമാണ് (46) കോ ടതിയിൽ കുറ്റസമ്മതം നടത്തിയത്. 1000 രൂപ പിഴയടയ്ക്കാനും പരാതിക്കാരനായ രാജേഷിന് 5000 രൂപ നഷ്ടപരിഹാരം നൽകാനും മജിസ്ട്രേ റ്റ് എ.എം. ഷീജ ഉത്തരവിട്ടു.

രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ സലിം ഓടിച്ചകാറിടിച്ച് രാജേഷിന് പരിക്കേറ്റിരുന്നു. അപകടത്തിൽ മുൻനിരയിലെ രണ്ട് പല്ല് നഷ്ടപ്പെട്ടു.രാജേഷിന്റെ പരാതിയിൽ അന്ന് പോലീസ് കേസെടുത്തെങ്കിലും കുറ്റപത്രം നൽകിയപ്പോൾ രാജേഷ് കേസിലെ പ്രതിയായി. ഇതോടെ രാജേഷ്, പി.പി. സുനിൽകുമാർ മുഖേന മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. രാജേഷിൻന്റെയും ദൃക്‌സാ ക്ഷികളുടെയും മൊഴിയെടുത്ത മജിസ്ട്രേറ്റ് സലീമിന്റെപേരിൽ കേസെടുത്തു. ഈ കേസിലാണ് ഇപ്പോൾ സലിം കുറ്റംസമ്മതിച്ചത്. 2022 ഡിസംബർ ഏഴിന് രാവിലെ 9.15-ന് തോടന്നൂരിൽ നിന്ന് അമ്പലമുക്കിലേക്കുള്ള വീട്ടിലേക്ക് പോകവെയാണ് അപകടം സംഭവിച്ചത്.