
വിദ്യാഭ്യാസ- തൊഴിൽ രംഗങ്ങളിൽ ‘സിജി’ സമൂഹത്തിൻ്റെ സ്പന്ദനം അറിഞ്ഞ് പ്രവർത്തിക്കുന്നു- സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
- സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി :വിദ്യാഭ്യാസ കരിയർ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ(സിജി) പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ- തൊഴിൽ ശക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.സിജിയും കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന എഡ്യൂകെയർ ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പോടെ പരിശീലനം നൽകുന്ന പദ്ധതിയാണ് എഡ്യൂകെയർ ഫെലോഷിപ്പ്.
കോഴിക്കോട് സിജി ക്യാമ്പസിൽ നടന്ന ഉൽഘാടന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യാതിഥിയായി.
വിവിധ സർവ്വീസുകളിൽ പ്രവേശിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു.മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി പ്രസിഡന്റ് എ ബി മൊയ്തീൻകുട്ടി ആമുഖഭാഷണം നടത്തി.കോമ്പിറ്റൻസി വിഭാഗം ഡയറക്ടർ ഹുസൈൻ പി എ പദ്ധതി വിശദീകരിച്ചു. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, സിജി ഇന്റർനാഷണൽ ചെയർമാൻ എം എം അബ്ദുൽ മജീദ്, ചീഫ് കോഡിനേറ്റർ റുക്കുനുദ്ദീൻ, സിജി സെക്രട്ടറി കബീർ പാറപൊയിൽ, പ്രോജക്ട് ഡയറക്ടർ ഫസൽ മുഹമ്മദ്, കെഎംസിസി എജുക്കേഷൻ വിഭാഗം ജനറൽ കൺവീനർ താജുദ്ദീൻ, അഷ്‌റഫ് വാക്കത്ത്, ഒ പി ഹബീബ് എന്നിവർ സംസാരിച്ചു.സിജി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അനസ് ബിച്ചു സ്വാഗതവും കെഎംസിസി കോഡിനേറ്റർ അഷ്റഫ് നന്ദിയും പറഞ്ഞു.