
വീടുവിട്ടിറങ്ങിയ 7 വയസ്സുകാരനെ കണ്ടെത്തി
- ഈസ്റ്റ്ഹിൽ ഭാഗത്തു ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ മകനാണു വീടു വിട്ടിറങ്ങിയത്
കോഴിക്കോട്: മാതാപിതാക്കളോടു പിണങ്ങി താമസസ്ഥലത്തു നിന്നിറങ്ങി വഴിയറിയാതെ പുതിയങ്ങാടി അത്താണിക്കൽ ഭാഗത്തു നിന്ന 7 വയസ്സുകാരനെ എലത്തൂർ പൊലീസ് രക്ഷിതാക്കളെ ഏൽപിച്ചു. ഈസ്റ്റ്ഹിൽ ഭാഗത്തു ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ മകനാണു വീടു വിട്ടിറങ്ങി പുതിയങ്ങാടി അത്താണിക്കൽ ഭാഗത്തെത്തിയത്. ഒരു വീടിനു സമീപം നിന്ന കുട്ടിയെ വീട്ടുകാർ കണ്ടു പൊലീസിൽ വിവരം അറിയിച്ചു. എലത്തൂർ എഎസ്ഐ രഞ്ജിത്ത് കുമാർ, സിപിഒമാരായ നീതു, സനോജ് കുമാർ എന്നിവർ കുട്ടിയെ വാഹനത്തിൽ കയറ്റി രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം നടത്തി.
കുട്ടിയിൽ നിന്നു വ്യക്‌തമായ വിവരം ലഭിക്കാത്തതിനാൽ പൊലീസ് കുഴങ്ങി. അതിനിടയിൽ പൊലീസ് വാഹനത്തിൽ കുട്ടിയെ കണ്ട ഒരാൾ കൈ കാണിച്ചു വാഹനം നിർത്തിച്ചു. അദ്ദേഹമാണു കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ചു പൊലീസിനു വിവരം നൽകിയത്. ഈ കുട്ടി കഴിഞ്ഞ ദിവസവും ഇതുപോലെ വീട്ടിൽ നിന്നു പോയിരുന്നത്രെ. പൊലീസും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാൽ കുട്ടി സുരക്ഷിതമായി രക്ഷിതാക്കൾക്കൊപ്പം എത്തി.