വേനൽചൂടിനൊപ്പം പൊള്ളി യുഎസ്എസ് പരീക്ഷ

വേനൽചൂടിനൊപ്പം പൊള്ളി യുഎസ്എസ് പരീക്ഷ

  • ജേതാക്കളുടെ എണ്ണം കുറയ്ക്കാനാണ് പരീക്ഷ കടുപ്പിച്ചതെന്ന് പരാതി ഉയരുന്നു.

കോഴിക്കോട്: വേനൽ ചൂടിൽ പരീക്ഷണമായി യുഎസ്എസ് പരീക്ഷ.
ചോദ്യങ്ങളിൽ കുഴങ്ങിയും ചൂടിൽ വിയർത്തും കുട്ടികൾ. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന ദിവസ വേതനം എത്രയാണ്? എന്നതാണ് കഴിഞ്ഞ ദിവസം നടന്ന യുഎസ്എസ് പരീക്ഷയുടെ സോഷ്യൽ സയൻസ് വിഭാഗത്തിലെ ചോദ്യങ്ങളി ലൊന്ന് . പാഠപുസ്തകത്തിലോ യുഎസ്എസ് സ്കോളർഷിപ്പ് കൈപ്പുസ്തകത്തിലോ ഒരു പരാമർശവുമില്ലാത്ത ഇത്തരം ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് വന്നവയിൽ പലതും.

പാഠപുസ്തകവും കൈപ്പുസ്തകവും അടിസ്ഥാനമാക്കിയാണ് കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. സിലബസിന് പുറത്തുനിന്നു വരുന്ന ചോദ്യങ്ങൾ ഏഴാംക്ലാസുകാരായ കുട്ടികളെ വലച്ചുവെന്ന് അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നു. പത്തുവർഷത്തിനിടെ ഇത്ര കടുത്ത ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്ന് അധ്യാപകരും പറയുന്നു. ജയിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയാണ് ചോദ്യങ്ങളുടെ ഉന്നമെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം. ശരാശരി 10,000 കുട്ടികളാണ് സംസ്ഥാനത്ത് ഒരു വർഷം എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകൾ നേടുന്നത്. അറബിക്, മലയാളം, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയളിലെല്ലാമുള്ള ചോദ്യങ്ങൾ ഒരു പോലെ കുട്ടികളെ ബുദ്ധിമുട്ടിലാക്കി.

യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ ജയിച്ചാൽ കിട്ടുക മൂന്നുവർഷം 1500 രൂപയാണ്. 2018-നുശേഷം ഈ തുക കൊടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ ജേതാക്കളുടെ എണ്ണം കുറയ്ക്കാനാണ് പരീക്ഷ കടുപ്പിച്ചതെന്നാണ് പരാതി. സ്കൂളുകളുടെ പേര് ഉയർത്തി കാട്ടാൻ യുഎസ്എസ് സ്കോളർഷിപ്പ് പ്രാധാന ഘടകമാണ്. അതിനാൽ തന്നെ കടുത്ത സമ്മർദമാണ് കുട്ടികൾ നേരിടുന്നത്. പല സ്കൂളുകളിലും പ്രത്യേക പരിശീലന പരിപാടികൾ നടക്കാറുണ്ട്. അവധിദിവസങ്ങളിലും രാത്രികളിലും ഈ ക്ലാസിലിരുന്നാണ് പല കുട്ടികളും തയ്യാറെടുക്കുന്നത്. ഇവരൊക്കെയും പരീക്ഷ കടുപ്പമായതോടെ മാനസികമായി വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )