
വ്യത്യസ്ഥമായ പ്രതിഷേധവുമായി ക്ഷേത്ര ജീവനക്കാരുടെ സംഘടന
- ഹൈക്കോടതി വിധി വന്ന് മുപ്പതുവർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിലായിരുന്നു പ്രധാന പ്രതിഷേധം
കോഴിക്കോട്: കളക്ടറേറ്റിന് മുന്നിൽ പോത്തിനെ എത്തിച്ച് അതിന്റെ ചെവിയിൽ പ്രശ്നം പറയുന്ന രീതിയിൽ വേറിട്ട പ്രതിഷേധവുമായി ക്ഷേത്രജീവനക്കാരുടെ സംയുക്തസമരസമിതി . പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും കാലങ്ങളായി ഉദ്യോഗസ്ഥരാരും തയ്യാറാകാത്തതിലായിരുന്നു പ്രതിഷേധം . കേരളത്തിൽ ഏകീകരിച്ച ദേവസ്വം നിയമം നടപ്പാക്കണമെന്ന ഹൈക്കോടതിവിധിവന്ന് മുപ്പതുവർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിലായിരുന്നു പ്രധാന പ്രതിഷേധം.
പ്രതീകാത്മകമായി നടത്താൻ ഒരുങ്ങിയ പ്രതിഷേധത്തിൽ പോത്തിനെ ഉൾപ്പെടുത്തിയത് വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നറിയിച്ച് നടക്കാവ് സ്റ്റേഷനിലെ പോലീസ് ഇടപെട്ടത് പ്രതിഷേധകരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതേത്തുടർന്ന് ഒരുവിഭാഗം പ്രതിഷേധകർ പോത്തിനെ ഉപയോഗിച്ചുള്ള പ്രതിഷേധത്തിൽ നിന്ന് മാറിനിന്നു.വി.വി. ശ്രീനിവാസൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എം.വി. ശശി, പി. ശ്രീജിഷ്, ഗിരി, പി. നാരായണൻ നമ്പൂതിരി, ബാബു എന്നിവർ നേതൃത്വം നൽകി.