
വർണക്കൂടാരം ഒരുക്കി ആന്തട്ട യു.പി സ്കൂൾ
- പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക,വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്

കൊയിലാണ്ടി: കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ആണ് ഉദ്ഘാടനം ചെയ്തത് .
പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക,വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ ഇടങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. അഭിനയ ഇടം, കളിയിടം, സെൻസറി ഇടം, സംഗീത ഇടം, നിർമാണ ഇടം, ഭാഷാ വികസന ഇടം, ഹരിത ഇടം, ഗണിത ഇടം, ഇലക്ട്രോണിക്സ് ഇടം തുടങ്ങി 13 ഇടങ്ങളാണ് ക്ലാസ് റൂമിലും പുറത്തും ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള അനുവദിച്ച പതിനൊന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് വർണക്കൂടാരം നിർമിച്ചിരിക്കുന്നത് .
ഹെഡ്മാസ്റ്റർ സി.അരവിന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ആണ് . മുൻ ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ. അജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുധ, പി. സുധ,നൂൺമീൽ ഓഫീസർ എ. അനിൽകുമാർ, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ. വേലായുധൻ, മധു കിഴക്കയിൽ, എ.കെ. രോഹിണി ,ഇ. ഷിംന , എന്നിവർ ചടങ്ങിൽ സംസാരിച്ചു . തുടർന്ന് വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ പി. ജയകുമാർ, ഡോ. രഞ്ജിത്ത് ലാൽ തുടങ്ങിയ അധ്യാപകർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉപഹാരങ്ങൾ നൽകി. കൂടാതെ വിവിധ മേഖലകളിൽ മികവു തെളിയിച്ച കുട്ടികൾക്കും ഉപഹാരം നൽകി. ചടങ്ങിൽ നന്ദി പറഞ്ഞത് ജ്യോതിലക്ഷ്മി ആണ്.