
ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും
- നാളെ മുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം
ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗഭരണഘടന ബെഞ്ചാണ്. മൌലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്. കേരളം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സുപ്രീംകോടതിയിൽ ശബരിമല ക്കേസിൽ വാദം നടക്കാൻ പോകുകയാണ്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും. ജഡ്‌ജിമാരായ എം എം സുന്ദരേഷ്,എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്‌മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.നാളെ മുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴ്ച്ച വരെയാണ് സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.
