
സംസ്ഥാനത്ത് അതിശക്തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ
- ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആരക്കോണത്തുനിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
