
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.
- പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെ ഒരു ജില്ലയിലും അതിതീവ്രമഴയില്ല.
തിരുവനന്തപുരം :സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ വിവിധ ജില്ലകളിൽ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെ ഒരു ജില്ലയിലും അതിതീവ്രമഴയില്ല. ജാഗ്രതയുടെ ഭാഗമായി നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. എന്നാൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് തുടരും. 24 മണിക്കൂറിൽ 204.4 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലവർഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിതീവ്രവും അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. തുടർന്ന് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച വരെ തീവ്രമഴയ്ക്കും സാധ്യതയുണ്ട്
