
സംസ്ഥാനപാതയിലെ ഓവുചാലിലേക്ക് മലിനജലം ഒഴുക്കി
- അങ്ങാടിയിലാകെ ദുർഗന്ധമുണ്ടാക്കുകയും പൂനൂർപ്പുഴയിലെയും പരിസരങ്ങളിലെയും ജലമലിനീകരണത്തിന് ഇടയാക്കുന്നതായും നാട്ടുകാർ പറയുന്നു.
പൂനൂർ : പൂനൂരങ്ങാടിയിലെ ഹോട്ടലിൽനിന്ന് ഓവുചാലിലേക്ക് കക്കൂസ് ടാങ്കിലേതടക്കമുള്ള മലിനജലം ഒഴുക്കുന്നതായുള്ള പരാതിയിൽ അധികൃതരെത്തി പരിശോധന തുടരുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓവുചാലിലേക്ക് മലിനജലം ഒഴുക്കി ഇത് മടത്തുംപൊയിൽ റോഡ് ജങ്ഷൻ ഭാഗത്ത് കെട്ടിനിന്ന് അങ്ങാടിയിലാകെ ദുർഗന്ധമുണ്ടാക്കുകയും പൂനൂർപ്പുഴയിലെയും പരിസരങ്ങളിലെയും ജലമലിനീകരണത്തിന് ഇടയാക്കുന്നതായും നാട്ടുകാർ പറയുന്നു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ഓട്ടോറിക്ഷാ പാർക്കിങ്ങും ഈ ഭാഗത്തുണ്ട്.

എന്നാൽ, ഹോട്ടലിൽനിന്ന് ഇങ്ങനെ മലിനജലം ഒഴുക്കിവിടുന്നില്ലെന്നും ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, വാട്ടർ ട്രീറ്റ്‌മെൻ്റ് ടാങ്ക് എന്നിവ ഇവിടെയുണ്ടെന്നും ഹോട്ടലുടമ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി.
CATEGORIES News