സ്കൂളുകളിൽ സർക്കാർ നിർദേശം ഇല്ലാതെ സ്ഥാപിച്ച സിസിടിവി ഒഴിവാക്കണം- കെഎസ്ടിഎ

സ്കൂളുകളിൽ സർക്കാർ നിർദേശം ഇല്ലാതെ സ്ഥാപിച്ച സിസിടിവി ഒഴിവാക്കണം- കെഎസ്ടിഎ

പഠന ക്യാമ്പ് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പോ സർക്കാരോ മറ്റു സർക്കാർ സംവിധാനങ്ങളോയാതൊരു നിർദ്ദേശങ്ങളും നൽകാതെ, സ്വന്തം താല്പര്യ പ്രകാരം ചിലർ, വിദ്യാലയങ്ങളിൽ സ്ഥാപിച്ച സിസിടിവി ഒഴിവാക്കണമെന്ന് കെഎസ്ടിഎ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പരസ്പര വിശ്വാസത്തോടെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മാതൃകാ സമൂഹത്തിന്റെ പരിച്ഛേദമാണ് ഓരോ പൊതുവിദ്യാലയവും.
ക്യാമറയുടെ കഴുകൻ കണ്ണുകളല്ല വിദ്യാലയങ്ങളെ നിയന്ത്രിക്കേണ്ടത്. അനുവാദമില്ലാതെ സ്കൂളുകളിലേക്ക് കടന്നുവരുന്നവരെ നിരീക്ഷിക്കുന്നതിനപ്പുറം ക്യാമറകൾക്ക് വിദ്യാലയത്തിൽയാതൊന്നും ചെയ്യാനാവില്ല.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്ന തരത്തിൽ വിദ്യാലയങ്ങളിലെ സ്റ്റാഫ് മുറികളിലും ക്ലാസ് റൂം പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ അടിയന്തിരമായി എടുത്തു മാറ്റണമെന്ന് കെഎസ്ടിഎ ജില്ലാ വനിതാ പഠന ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന അധ്യാപകർ പങ്കെടുത്ത പഠന ക്യാമ്പ് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ് സംഘടന രേഖ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, വി പി മനോജ്, ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ. എം രാജൻ,ജില്ലാ വൈ പ്രസിഡന്റ് കെ കെ ബാബു എന്നിവർ സംസാരിച്ചു. ജില്ലാ ജോ സെക്രട്ടറി പി കെ സജില പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത സബ് കമ്മിറ്റി കൺവീനർ എം ഷീജ സ്വാഗതവും ജില്ല വൈ: പ്രസിഡണ്ട് സി കെ ബീന നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )