
സർവീസ് റോഡിലെ വെള്ളക്കെട്ട് കാരണം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിൽ
- മഴ പെയ്യുന്നതോടെ റോഡിൽ 200 മീറ്ററിലധികം ദൂരത്ത്, മൂന്നടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കും
പയ്യോളി:ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളുടെ ജീവിതം ദുരിതമാക്കി. അയനിക്കാട് കുറ്റിയിൽ പീടിക ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് സർവീസ് റോഡാണ് ചെറുമഴയിൽ പോലും പുഴയ്ക്കു സമാനമായി മാറുന്നത്. ആറുവരി പാതയുടെ കിഴക്കുവശം സർവീസ് റോഡിന് സമീപത്തായി താമസിക്കുന്നവരും ഈ റോഡ് വഴി വീടുകളിലും ജോലി സ്‌ഥലത്തും സ്കൂളുകളിലും ആശുപത്രികളിലും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി പോകുന്നവരാണു ദുരിതം അനുഭവിക്കുന്നത്.

മഴ പെയ്യുന്നതോടെ റോഡിൽ 200 മീറ്ററിലധികം ദൂരത്ത്, മൂന്നടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കും.
ജനങ്ങൾക്ക് വെള്ളക്കെട്ട് കാരണം ദേശീയ പാതയിലേക്കു പ്രവേശിക്കാൻ പറ്റാത്ത അവസ്‌ഥയാകും. ഈ റോഡിലൂടെയുള്ള ദുരിതയാത്ര കാരണം ഗതാഗതം ആറുവരി പാതയിലേക്ക് അധികൃതർ മാറ്റിയിട്ടുണ്ട്. പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ യാതന പരിഹരിക്കാൻ അധികൃതർ തയാറായില്ലെന്നു നാട്ടുകാർ.