
17 കാരൻ ഓടിച്ച വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
- അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായത്
കൊച്ചി: 17 കാരൻ ഓടിച്ച വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.അഡിഷണൽ ജഡ്ജിയുടെ മകനാണ് പടിയിലായത്. അച്ഛനായ ജഡ്ജിയുടെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്. കൊച്ചി ചേരാനല്ലൂരിൽ ഇന്ന് പുലർച്ചയോടെയാണ് വാഹനാപകടം ഉണ്ടായത്.സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങൾ ഒന്നും തന്നെ എഫ്ഐആറിന്റെ ഭാഗമാക്കിയിട്ടില്ല. ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടർ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരിച്ച ആളുടെ ബന്ധുക്കളടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്താൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

നെടുമ്പാശ്ശേരിയിൽ സമാനമായ അപകടം ഉണ്ടായതിന്റെ ഞെട്ടൽ വിട്ട് മാറും മുമ്പാണ് കൊച്ചി തന്നെ മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിക്കുന്നത്.പ്രായപൂർത്തിയാകാത്ത ആളാണ് വാഹനം ഓടിച്ചതെന്നതും ജഡ്ജിയാണ് വാഹനത്തിവന്റെ ആർസി ഓണർ എന്നതുമാണ് ഏറ്റവും ഗൗരവകരം.അപകടം നടന്നത് കണ്ടൈനർ റോഡിലാണ് എന്നതിനാൽ 17 കാരൻ സഞ്ചരിച്ച വാഹനം അമിത വേഗതയിൽ ആയിരുന്നോ എന്നതിൽ അടക്കം പരിശോധന നടത്തേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്.
