
254.85 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
- ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷഫീക്ക്
കോഴിക്കോട്:വിൽപനയ്ക്കായി കൊണ്ടുവന്ന 254.85 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പൊലീസ് പിടിയിൽ. മാതമംഗലം തായ്ട്ടേരി കളരികണ്ടി ഹൗസിൽ മുഹമ്മദ് ഷഫീക്ക്(37)യാണ് പോലീസ് പിടിയിലായത്. നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻ സാഫും സബ് ഇൻസ്പെക്‌ടർ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷഫീക്ക്. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഷഫീക്ക് ബംഗളൂരുവിൽ വെച്ചാണ് ഇടപാടുകൾ നടത്തുന്നത്. ബംഗളൂരുവിൽ ടാക്സി ഡ്രൈവറാണ്. ജോലിയുടെ മറവിലാണ് വിൽപന നടത്തുന്നത് . ജോലിയ്ക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരിക്കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി.

ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺകുമാർ, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, കെ.എം. മഷ്ഹൂർ, പി.കെ. ദിനീഷ്, ഇ. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്ഐ സാബുനാഥ്, എഎസ്ഐ സന്തോഷ്, സീനിയർ സിപിഒ മാരായ ശ്രീരാഗ്, രാകേഷ്, ഷിഹാബുദ്ദീൻ, ഹരീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.