
കൂമ്പാറ ആനയോട് പുലിയിറങ്ങിയതായി സംശയം
- പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ്
തിരുവമ്പാടി: കൂമ്പാറ ആനയോട് പുലി സാന്നിധ്യമുണ്ടെന്ന ആശങ്കയുയർത്തി നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്പേൽ ജയ്സന്റെ വീട്ടിലെ വളർത്തു നായയെ ശനിയാഴ്ച പുലർച്ച കാണാതായി.വീടിനടുത്ത് ചോരപ്പാടുകൾ കണ്ടെത്തുകയും ചെയ്തു. നായെ പുലി പിടിച്ചതായാണ് കരുതുന്നത്. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ സ്ഥലത്ത് കണ്ടു. കാൽപ്പാടുകൾ പുലിയുടെതാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
പുലി സാന്നിധ്യം കണ്ടെത്താൻ സിസിടിവി കാമറ സ്ഥാപിക്കും. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ഷാജിയുടെ നിർദേശപ്രകാരം പിടികപ്പാറ സെക്ഷനിലെ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ എന്നിവർ സ്ഥലത്തെത്തി.
ബിറ്റ് ഫോറസ്റ്റ് ഓഫിസർന്മാരായ കെ.ബിനീ ത്, ബിമൽദാസ്, റെസ്ക്യുവാച്ചർമാരായ കരീം മുക്കം, സി.കെ.ശബീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.