
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് തോൽവി; കൊല്ലം സെയ്ലേർസിന് കേരള ക്രിക്കറ്റ് ലീഗ് കിരീടം
- ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഉജ്വല സെഞ്ചറിയുടെ മികവിലാണ് കൊല്ലം കിരീടം നേടിയത്
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സ് ചാംപ്യൻമാർ. ആവേശം നിറഞ്ഞ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആറുവിക്കറ്റിനാണ് കൊല്ലം സെയിലേഴ്സ് തോൽപ്പിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഉജ്വല സെഞ്ചറിയുടെ മികവിലാണ് കൊല്ലം കിരീടം നേടിയത്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 54 പന്തിൽ നിന്ന് പുറത്താകാതെ 105 റൺസെടുത്ത സച്ചിനാണ് പ്ലയർ ഓഫ് ദ മാച്ച്. 8 ഫോറും 7 സിക്സറുകളും സച്ചിന്റെ ഇന്നിങ്സിന് കരുത്തേകി. എല്ലാ മൽസരങ്ങളിൽ നിന്നുമായി 528 റണ്ണുകൾ നേടിയ സച്ചിനാണ് ലീഗിൽ ഏറ്റവുമധികം റണ്ണുകൾ നേടിയതും.

ക്രിക്കറ്റ് ലീഗ് ബ്രാൻഡ് അംബാസിഡർ മോഹൻലാലും കായിക വകുപ്പു മന്ത്രി വി, അബ്ദു റഹിമാനും ചേർന്ന് വിജയികൾക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ്’ ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ, കെസിഎൽ ചെയർമാൻ നാസർ മച്ചാൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവർ പങ്കെടുത്തു.