
പരിമിതികളില്ലാത്ത കുതിപ്പിലേക്ക് ഇനി ശാരിക
- സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയ ശാരിക റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്
കീഴരിയൂർ: സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ കീഴരിയൂർ സ്വദേശിനി എ. കെ. ശാരികയ്ക്ക് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസിൽ നിയമനം ലഭിച്ചു. നിയമന ഉത്തരവ് കേന്ദ്രസർക്കാരിന്റെ പഴ്സനൽ മന്ത്രാലയത്തിൽ നിന്ന് കൈപ്പറ്റി.

ഇതിന്റെ ഭാഗമായി ലക്നൗവിൽ 2 വർഷത്തെ പരിശീലനം ഉണ്ടാവും. ഡിസംബറിൽ ആരംഭിക്കുന്ന പരിശീലനത്തിന് പോകാനുളള തയാറെടുപ്പിലാണ് ശാരിക. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് സിവിൽ സർവീസ് വിജയത്തിലേക്ക് എത്തിയത്. ഇടതു കയ്യിലെ മൂന്ന് വിരലുകൾ മാത്രമേ ശാരികയ്ക്ക് ചലിപ്പിക്കാനാകൂ. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഐഎസ് അക്കാദമിയുടെ സ്‌ഥാപകനായ ഡോ. ജോബിൻ എസ്. കൊട്ടാരം ആരംഭിച്ച ‘പ്രൊജക്ട് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. 922-ാം റാങ്ക് ആയിരുന്നു സിവിൽ സർവീസ് പരീക്ഷയിൽ ശാരിക നേടിയത്. കൂടാതെ ഐഎഎസിനു വേണ്ടിയുള്ള ശ്രമം തുടരുമെന്നും ശാരിക പറയുന്നു. കീഴരിയൂർ എരേമ്മൻകണ്ടി ശശിയുടെയും രാഖിയുടെയും മകളാണ്. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർഥിനി ദേവിക സഹോദരിയാണ്.