
ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
- വണ്ടി പിന്നിലേക്കെടുക്കുന്നതിനിടെ ബൈപ്പാസിലൂടെ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു
രാമനാട്ടുകര: ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. വയനാട് സ്വദേശി ഷബീർ (24), മലപ്പുറം വേങ്ങര സ്വദേശികളായ നിസാർ (32), പറമ്പന ഹൗസിൽ അനസ് (30) എന്നിവർക്കാണ് പരിക്ക്. പരിക്കെറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 11.30-ഓടെ രാമനാട്ടുകര ബൈപ്പാസിൽ പെട്രോൾ പമ്പിനടുത്താണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് ഫറോക്ക് ചുങ്കത്തേക്ക് പഞ്ചസാര ലോഡുമായിവന്ന ലോറിക്കു പിന്നിലാണ് മറ്റൊരു ലോറിയിടിച്ചത്. രാമനാട്ടുകര-ഫറോക്ക് റോഡിലേക്കെത്താനായി ഈ ലോറി സർവീസ് റോഡിലേക്ക് കയറി മേൽപാലത്തിലേക്ക് പോകുന്നതിനുപകരം വഴിമാറി മേൽപാലത്തിലേക്ക് പ്രവേശിച്ചു. വഴിതെറ്റിയതറിഞ്ഞ് വണ്ടി പിന്നിലേക്കെടുക്കുന്നതിനിടയിൽ ബൈപ്പാസിലൂടെ വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
മീഞ്ചന്ത അഗ്നിരക്ഷാസേനാംഗങ്ങൾ, ഫറോക്ക് പോലീസ്, പ്രദേശവാസികൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറി വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. അഗ്നിരക്ഷാസേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. അബ്ദുൾ ഫൈസി, ഫയർ ആൻഡ് റസ് ഓഫീസർമാരായ അൻവർ സാദിഖ്, പി. മധു, ജമാലുദീൻ, ഹോം ഗാർഡുമാരായ വിജിലേഷ്, മനോഹരൻ, ഫയർ വുമൺ ഉണ്ണിമായ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി.