
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
റിപ്പോർട്ടിന്റെ പൂർണരൂപം സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

റിപ്പോർട്ടിലുള്ള മൊഴിപ്പകർപ്പുകൾ, സർക്കാർ സ്വീകരിച്ച നടപടികൾ, പ്രത്യേക അന്വേഷകസംഘം, കേസുകൾ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങളാണ് കൈമാറിയത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം റിപ്പോർട്ട് എസ് ഐടിക്ക് കൈമാറുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടന്മാർ, അണിയറപ്രവർത്തകർ, സംവിധായകർ എന്നിവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. കേസുകളിൽ പലരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
CATEGORIES News