
കണ്ണൂർ ഷൊർണുർ – കണ്ണൂർ എക്സപ്രസിൻ്റെ സർവീസ് നീട്ടി; ഇനി ദിവസവും സർവീസ് നടത്തും
- ദിവസവും ഓടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ കുറെ നാളത്തെ ആവശ്യമാണ് നടപ്പിലാകുന്നത്
കണ്ണൂർ:കണ്ണൂർ – ഷൊർണുർ കണ്ണൂർ എകസ്പ്രസിൻ്റെ സർവീസ് നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. റെയിൽവേയുടെ തീരുമാനം ഇനി അടുത്ത രണ്ടുമാസം ദിവസവും സർവീസ് നടത്താനാണ്. ഈ ട്രെയിൻ ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ്. ഇതാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്.

ട്രെയിൻ നവംബർ ഒന്ന് മുതൽ എല്ലാ ദിവസവും ഓടിത്തുടങ്ങും. ഷൊർണൂർ കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (നമ്പർ 06031)ഷൊർണ്ണുരിൽ നിന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യാത്ര തുടങ്ങും. രാത്രി 7.25 ന് കണ്ണൂരിൽ എത്തും. കണ്ണൂർ ഷൊർണൂർ സ്പെഷ്യൽ എക്സ്പ്രസ് (നമ്പർ 06032) രാവിലെ 8.10കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങും. 11.45 ന് ഷൊർണ്ണൂരിൽ എത്തും. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ഇതുവരെ സർവീസ് നടത്തിയിരുന്നത്. ഷൊർണൂർ കണ്ണൂർ എക്സ്പ്രസ് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലും ഈ രണ്ട് സ്പെഷ്യൽ ട്രെയിനുകളും ഒക്ടോബർ 31നും സർവീസ് നിർത്തുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു.