
കാട്ടുമൃഗശല്യത്തിൽ കല്ലൂർ നിവാസികൾ
- വനം, കൃഷി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ
പേരാമ്പ്ര: കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി കല്ലൂരിലെ ജനങ്ങൾ . കൃഷിയിടങ്ങളാകെ കാട്ടുപന്നികളും മുള്ളൻ പന്നികളും നിറഞ്ഞിരിയ്ക്കുകയാണ്. കല്ലൂരിലെ പ്രദേശങ്ങളായ കെ.കെ മുക്ക്, കല്ലൂർകാവ്, ദാരയിൽ താഴ ഭാഗങ്ങളിലാണ് വൻ തോതിൽ കാട്ടുമൃഗങ്ങൾ കൃഷിനാശമുണ്ടാക്കിയത്. കപ്പ, വാഴ, ചേന, ചേമ്പ്, കവുങ്ങിൻ തൈകൾ, തെങ്ങിൻ തൈകൾ, ചെറുകിഴങ്ങ്’ തുടങ്ങിയവയാണ് ഇവ വ്യാപകമായി നശിപ്പിക്കുന്നത് .കഴിഞ്ഞ മൂന്നുനാല് മാസമായി കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയിട്ട്. തെങ്ങിൻചുവടുകളെല്ലാം ഉഴുതുമറിച്ച നിലയിലാണ്. ദാരയിൽ താഴവയലിൽ കൂടക്കൽ അമ്മദിന്റെ മൂന്നുമാസം പ്രായമായ 50ഓളം നേന്ത്രവാഴകളും കവുങ്ങിൻ തൈകളും വീട്ടുവളപ്പിലെ ചേമ്പ് കൃഷി പൂർണമായും പന്നികൾ നശിപ്പിച്ചു.

കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ ആവശ്യമായ നടപടികളും കൃഷി നാശത്തിന് നഷ്ടപരിഹാരവും ലഭ്യമാക്കാൻ വനം, കൃഷി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
