
മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം
- കാട്ടാനശല്യത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കാത്ത സർക്കാർ നിലപാടിനെതിരെ ഫിബ്രവരി 17-ന് വനംവകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വാണിമേൽ: രണ്ടുദിവസം മുമ്പ് കാട്ടാനയിറങ്ങിയ മലയങ്ങാട് വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചത്. കാട്ടാനയെ പടക്കം പൊട്ടിച്ച് നാട്ടുകാർ കാട്ടിലേക്ക് തിരിച്ചയച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർച്ചയായി പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങുന്ന കാരണം പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഇത് സംബന്ധമായ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമാണെന്ന് വനംവകുപ്പിനെ അറിയിച്ചെങ്കിലും ഇവരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
റിട്ട എസ്.ഐ. ചെന്നാട്ട് മൊയ്തു, മലയങ്ങാട് പൊൻ മലക്കുന്നേൽ ഷിന്റോ, ജോണി മണിമല, ജോയി കടത്തലക്കുന്നേൽ, എം.കെ. കുഞ്ഞബ്ദുല്ല, കുണ്ടിൽ അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.
തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. വനജയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയിരുന്നു. ജീവന് ഭീഷണിയായ വന്യമൃഗങ്ങൾ ജന വാസകേന്ദ്രത്തിലെത്തുന്നത് തടയണമെന്ന് സംഘം ആവശ്യപ്പെട്ടു. തുടർന്ന് വിലങ്ങാട് ഫോറസ്റ്റ് ഓഫീസിൽ നിന്നും റെയിഞ്ചർ സത്യനുമായി സംഘം ചർച്ച നടന്നു.
ചൊവ്വാഴ്ച മുതൽ രാത്രികാല പട്രോളിങ്ങിന് രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും മറ്റ് നടപടികൾ ഉടൻ അറിയിക്കാമെന്നും അധികൃതർ ഉറപ്പു നൽകിയതായും സംഘം അറിയിച്ചു. ഉറപ്പ് ലംഘിച്ചാൽ ശക്തമായ സമരം നടത്താനാണ് പദ്ധതിയെന്ന് ഇവർ പറഞ്ഞു.
