
ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേത് തന്നെയെന്ന് ഗവേഷകർ
- 2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം
പേരാമ്പ്ര:ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട് നിർമാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോൾ ആണ് ഇത് കണ്ടെത്തിയത്. പഴശ്ശിരാജ മ്യൂസിയം ഇൻചാർജ് കൃഷ്ണരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ഉദ്ഖനനം നടത്തി ഈ ഗുഹയിൽ കൂടുതൽ അറകൾ കണ്ടെത്തിയിരുന്നു.

സാധാരണ കാണുന്ന ഗുഹകളുടെ കവാടം അധികവും ചെങ്കൽ പാളികളുടേതാണെങ്കിൽ ഇവിടെയുള്ളത് കരിങ്കൽ പാളികൾകൊണ്ടുള്ള കവാടങ്ങളാണ്. ഇംഗ്ലീഷ് അക്ഷരത്തിലെ എൽ ആകൃതിയിലുള്ള മൂന്ന് അറകളാണ് ഇവിടെ കണ്ടെത്തിയത്. ശനിയാഴ്ച തുറന്ന ആദ്യം കണ്ടെത്തിയ അറയിൽ ബെഞ്ചിൻ്റെ ആകൃതിയിൽ വടക്കുഭാഗത്തായി ചെങ്കല്ലിൽ കൊത്തിയൊരുക്കിയിട്ടുണ്ട്. മുകൾഭാഗത്ത് ഇരുമ്പ് കൊണ്ടുള്ള രണ്ട് ഹുക്ക് പതിച്ചിട്ടുണ്ട്. കൂടാതെ അർധഗോളാകൃതിയിലുള്ള ഗുഹക്കകത്ത് കുറച്ച് മൺകലങ്ങളും കണ്ടെത്തി. ഇത് മൃതദേഹം സംസ്കരിച്ച ശവക്കല്ലറയാണെന്ന് തെളിഞ്ഞു.
ഇതിനു 2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം. കൃത്യമായി പഠനവിധേയമാക്കുക എന്നതുകൊണ്ടാണ് ഇതുപോലുള്ള സ്മാരകങ്ങ ൾ കുഴിച്ചു പരിശോധിക്കുന്നതെന്നും ഇവിടെനി ന്ന് കിട്ടുന്ന വസ്തുക്കൾ ശേഖരിച്ച് മ്യൂസിയത്തി ൽ കൊണ്ടുപോയി വെക്കുകയല്ല ലക്ഷ്യമെന്നും കൃഷ്ണരാജ് പറഞ്ഞു