
ട്രാക്കുകൾ സജ്ജമാവുന്നു; ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും
- ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി. ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയിൽ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.

തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനിൽ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.
CATEGORIES News