സോജാരാജകുമാരിയുടെ കഥാകാരൻ ഓർമയായിട്ട് 31 വർഷം

സോജാരാജകുമാരിയുടെ കഥാകാരൻ ഓർമയായിട്ട് 31 വർഷം

  • എഴുത്ത്: നെല്ലിയോട്ട് ബഷീർ

മുപ്പത്തിഒന്ന് വർഷം പിന്നിട്ടിരിക്കുന്നു മാംഗോസ്റ്റിൻ മരത്തണലിൽ നിന്ന് ബഷീർ എന്ന കഥാമരം അദൃശ്യമായിട്ട്.എങ്കിലും ആ വൻമരത്തിന്റെ ഫലങ്ങൾ ഇന്നും അത്ഭുതത്തോടെ സാഹിത്യസമൂഹത്തിന് രുചിക്കാൻ സാധിക്കുന്നുണ്ട്. അത്രമേൽ ആണ്ടു കിടക്കുകയാണ് ഈ മണ്ണിൽ അതിന്റെ വേരുകൾ.ഇത്രയധികം സ്നേഹിച്ച,ആരാധിച്ച കഥയും കഥാകാരനും മലയാളക്കരയിൽ വേറെയുണ്ടാവില്ല.

അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണ സുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി കാണാം.എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും,വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളില്‍ ഒരാളാണ് ബഷീര്‍.തൊട്ടാല്‍ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം കുടിച്ചു തീര്‍ത്ത ബഷീറിന്റെ രചനകള്‍ വായനക്കാര്‍ക്ക് നിത്യവിസ്മയമായാണ് അനുഭവപ്പെടുന്നത്.നമ്മുടെ നവോത്ഥാന കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ചുമാത്രം എഴുതിയ എഴുത്തുകാരില്‍ ഒരാളാണ് പ്രിയബഷീര്‍.എണ്ണം പറയുകയാണെങ്കില്‍ മുപ്പതോളം കൃതികള്‍ മാത്രമേയുള്ളു ബഷീറിന്റേതായി. ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല.ജീവിതത്തിന്റെ ചടുലത തിരിച്ചറിയുന്ന സാഹസികവും അപകടകരവുമായ യാത്രകളും അതു സമ്മാനിച്ച ജീവിതാനുഭവങ്ങളുമാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്.സവർണതയെ തേടിനടന്നിരുന്ന മലയാളസാഹിത്യത്തിൽ നിന്ന് വഴി തിരിച്ചുവിട്ടു കൊണ്ട് മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്നിരുന്ന മുസ്ലീം സമുദായത്തെ ഉണർത്താൻതക്ക വിധത്തിലുള്ള രചനയാണ് ബഷീർ നടത്തിയത്.അനിയന്ത്രിതമായ ബഹുഭാര്യത്വം,പുരോഹിതന്മാരുടെ അധികാരം, അക്ഷരജ്ഞാനമില്ലായ്മ ഇങ്ങനെയുള്ള സമുദായത്തിലള്ളിപ്പിടിച്ചിരുന്ന അഴുക്കുകളെ ബഷീറിന്റെ തൂലികയിലിടെ നിശിതമായി വിമർശിച്ചു.

തന്റേതു മാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു. അതിദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടുകളിക്കാരൻറെ മകൾ,താരാ സ്പെഷ്യൽ‌സ്, മാന്ത്രികപ്പൂച്ച തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവലുകളാണ്. ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗ്ഗവീനിലയം, ജന്മദിനം, ഓർമ്മക്കുറിപ്പ്, പാവപ്പെട്ടവരുടെ വേശ്യ, വിഡ്ഢികളുടെ സ്വർഗ്ഗം, വിശപ്പ്, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ശിങ്കിടിമുങ്കൻ തുടങ്ങിയവ ബഷീറിന്റെ ചില ചെറുകഥകളാണ്. കഥകളിലും നോവലുകളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യലോകം. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്.ബഷീർ ഒരേയൊരു കവിതമാത്രമേ എഴുതിയിട്ടുള്ളു,’യാ ഇലാഹി’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ എഴുതിയ അനശ്വര പ്രകാശം.ഈ കവിത അല്ലാഹുവിനെ കുറിച്ചാണ്.അതിവിപുലമായ ആശയലോകങ്ങളെ കൊച്ചു വരികളിലൊതുക്കി വെച്ച ജ്ഞാന സാഗരമാണ് ഈ കവിത.അദ്ദേഹമെഴുതിയ ഒരേയൊരു നാടകമാണ് കഥാബീജം.

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. പ്രേംനസീര്‍, മധു,അടൂര്‍ ഭാസി,നിര്‍മല, കുതിരവട്ടം പപ്പു, പി.ജെ. ആന്‍റണി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ചലച്ചിത്രത്തിലൂടെ മലയാളക്കരയെ ആദ്യമായി പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് 1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവിനിലയം. മലയാളസിനിമാചരിത്രത്തിലെ ആദ്യ പ്രേതകഥയായ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ എ. വിന്‍സെന്‍റാണ്.അടുത്തിടെ ഇത് പുതിയ രീതിയിലും ഭാവത്തിലും അഭ്രപാളികളിലെത്തി. സിനിമയ്ക്ക് വേണ്ടി ആദ്യമായി തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ ബഷീറിന്‍റെ വേറിട്ട ശൈലി ഭാര്‍ഗ്ഗവിനിലയത്തിന്‍റെ സവിശേഷതയാണ്. ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയാക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്. സംവിധാനത്തിനൊപ്പം ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും നിർമ്മിച്ചതും അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ്.മമ്മൂട്ടിയാണ് ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി.സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്.ബഷീറിന്റെ ബാല്യകാലസഖി എന്ന നോവൽ രണ്ട് തവണ സിനിമയായിത്തീർന്നിട്ടുണ്ട്.ശശികുമാർ നിർമ്മിച്ച ആദ്യ ചിത്രം നിർമ്മിച്ചത് കലാലയ ഫിലിംസ് ആണ്. പ്രേംനസീറാണ് ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും തിരശീലയിലെത്തി.

രസകരവും സാഹസികവും ആയിരുന്ന ബഷീറിന്റ ജീവിതയാത്ര.അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതായിരുന്നു ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി.1930 ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റ പേരിൽ ജയിലിൽ ആയ ബഷീർ പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ പ്രഭ എന്ന തൂലികാ നാമത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല കൃതികൾ.ഏകദേശം ഒൻപതു വർഷത്തോളം ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു നടന്ന കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞ അദ്ദേഹം പിന്നീട് പല ജോലികളും ചെയ്തു. അറബി നാടുകളിലും ആഫ്രിക്കയിലും ആയി തുടർന്നുള്ള സഞ്ചാരം.ഈ കാലയളവിൽ അദ്ദേഹം പല ഭാഷകളും പഠിക്കുകയും മനുഷ്യജീവിതത്തിലെ തീവ്രദാരിദ്ര്യവും മനുഷ്യ ദുരയുമുൾപ്പെടെ എല്ല വശങ്ങളും നേരിട്ടു കണ്ട ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്ന് പറയാം. ലോകം ചുറ്റുന്നതിനിടയിൽ അദ്ദേഹം കണ്ട കുറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റ കൃതികളിൽ തെളിഞ്ഞു കാണാവുന്നതാണ്.വളരെ കുറച്ചു മാത്രം എഴുതിയ ബഷീർ സാഹിത്യങ്ങൾ മലയാളത്തിൽ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റ ജീവിതാനുഭവങ്ങളുടെ കരുത്ത് കൊണ്ട് മാത്രമാണ്.പത്മനാഭ പൈ പത്രാധിപരായിരുന്ന ജയ് കേസരിയിൽ ജോലി അന്വേഷിച്ച് ചെന്ന ബഷീറിനോട് പത്രാധിപർ ജോലി തരാൻ നിവൃത്തിയില്ലെന്നും കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും പറഞ്ഞപ്പോൾ നിവൃത്തിയില്ലാതെ എഴുതിയ കറുത്തിരുണ്ട വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനുമായ കഥയാണ് ആദ്യം പ്രസിദ്ധികരിച്ച തങ്കം.ഹാസ്യത്തിലൂടെ വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്ന ബഷീർ സമൂഹത്തിന്റ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി മാറി.ബഷീറിന്റെ തൂലികയിലൂടെ പിറവിയെടുത്ത ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ സാഹിത്യത്തിൽ സ്ഥാനം ഇല്ലാതിരുന്ന കാലത്ത് അത് ഒരു മാറ്റം തന്നെയായിരുന്നു.പേന മാത്രം ആയുധമാക്കി ഒരു ജോലി കണ്ടെത്താൻ പറ്റും എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയായിട്ടാണ് സാഹിത്യം താൻ തിരഞ്ഞെടുത്തത് എന്ന് ബഷീർതന്നെ പറഞ്ഞതായി കാണാം.

സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ബഷീർ, പങ്കജ് മല്ലിക്,സൈഗാൾ തുടങ്ങിയ ഗായകരുടെ പാട്ടുകളോട് ഏറെ പ്രിയമുള്ള വ്യക്തിയായിരുന്നു. സോജാ രാജകുമാരി എന്ന ഗാനം അദ്ദേഹത്തിന്റെ ഒഴിച്ചു കൂടാൻ പറ്റാത്ത വിഭവമായിരുന്നു.അതു കൊണ്ടതന്നെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആഗ്രഹം ഒരു ഗ്രാമഫോൺ വാങ്ങണം എന്ന് മാത്രമായിരുന്നു.രാഷ്ട്രീയ ജീവിതത്തിനും യാത്രകൾക്കും ഇടയിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കാൻ അത്യാഗ്രഹങ്ങൾ ഇല്ലാത്ത ആ മനുഷ്യനായില്ല. യാത്രകൾ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ കയ്യിൽ ഉള്ളതും വീട്ടിൽ ഉണ്ടായിരുന്നതും പട്ടിണിയായിരുന്നു. കൊച്ചിയിൽ ജോലിക്കായി പല നാളുകൾ അലഞ്ഞു. ഒടുവിൽ കൈയിൽ ആകെ ഉണ്ടായിരുന്ന അനുഭവങ്ങളെ കഥകളാക്കി. അങ്ങിനെയാണ് ജീവിതം നീറുന്ന കഥകൾ മലയാളിക്ക് ലഭിച്ചത്.
എറണാകുളത്ത് ജീവിക്കുന്ന കാലത്ത് ബഷീർസ് ബുക്ക്സ്റ്റാൾ എന്ന പുസ്തക്കടയും അദ്ദേഹം നടത്തിയിരുന്നു.

ബഷീറിന്റെ കൈകളിൽ തൂലികയെന്ന പോലെ സ്ഥാനംപിടിച്ച മറ്റൊന്നാണ് കഠാര.ഒരു സുഹൃത്തുമായി നടത്തിയ പന്തയത്തെത്തുടർന്നാണ് കഠാര ബഷീറിന്റെ കൈകളിൽ എത്തുന്നത്. പിന്നീട് ഏറെക്കാലം ഒരവയവംപോലെ അദ്ദേഹമത് കൊണ്ടുനടന്നു. പിന്നീടൊരിക്കൽ അദ്ദേഹം തന്റെ ആത്മസുഹൃത്തായ പുനലൂർ രാജന് ഈ കഠാര സമ്മാനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന വിശേഷണം ബഷീറിനു മാത്രം അവകാശപ്പെട്ടതാണ്. ബഷീറിന്റെ വിവാഹശേഷം അദ്ദേഹം ബേപ്പൂരിൽ രണ്ടേക്കർ സ്ഥലം വാങ്ങി വീടുവെച്ചു. അങ്ങനെ കുടുംബസമേതം വൈലാലിൽ വീട്ടിൽ താമസമായി. ആ രണ്ടേക്കർ സ്ഥലത്ത് താനൊരു സുൽത്താനായി വാഴുന്നു എന്ന് അദ്ദേഹം ഒരു കത്തിൽ എഴുതിയിരുന്നു.ആ പേര് ബഷീറിന് അങ്ങനെ സ്വന്തമാവുകയും ചെയ്തു.വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയായ ഫാബി ബഷീർ എന്ന ഫാത്തിമ ബീവിയുടെ ആത്മകഥയാണ് ‘ബഷീറിന്റെ എടിയേ’. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമകളാണ് പുസ്തകത്തിൽ. ബഷീറിന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും രഹസ്യങ്ങളും ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നു.ഇതും കൂടി ചേർത്തു വായിക്കുമ്പോൾ മാത്രമേ ബഷീർയുഗം പൂർണമാകുകയുള്ളു.

1994 ജൂലായ് 5ന് അർധരാത്രിയാണ് ബഷീറിന്റെ മരണം സംഭവിക്കുന്നത്. കഥകളുടെയും മറ്റു കൃതികളുടെയും അവസാനം’മംഗളം ശുഭം’ എന്ന് എഴുതിപ്പോവുന്നതിനെക്കുറിച്ച് ബഷീർ ഒരിക്കൽ പറഞ്ഞതിങ്ങനെ ‘പേനയെടുത്ത് എഴുതുമ്പോൾ ഇത് മുഴുമിപ്പിക്കാൻ ഞാനുണ്ടാവുമോ എന്ന് എനിക്കുറപ്പില്ല.അതിനാൽ ഓരോ കഥയും പൂർത്തിയാവുമ്പോൾ സുന്ദര ഭൂഗോളത്തിൽ പിന്നെയും ദിവസങ്ങൾ അനുവദിച്ചുതന്ന ദൈവത്തിന് നന്ദി പറയും. കഥയുടെ അവസാനം മംഗളവും ശുഭവും ചേർക്കും’.’കഥകളിവിടെ അവസാനിക്കുന്നില്ല. ഇവിടെ ഒരാൾ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു.നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മരവിദ്യകൂടി ഉണ്ടെന്ന് നമുക്ക് ബോധ്യമായപ്പോൾ നാം വിസ്മയിച്ചു.ആ കഥകൾ കേട്ട് കഥപറയുന്ന ആൾ നമ്മുടെ മനസ്സിൽ കഥയായിമാറി”. ബഷീറിന്റെ മരണശേഷം എം.ടി. വാസുദേവൻ നായർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.ബഷീർ സാഹിത്യം ഇന്നും വായനക്കാർക്ക് ലഹരിയാണ്.ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാവുന്ന ജീവിതഗന്ധിയായ കഥകൾ.നവോത്വാന സാഹിത്യങ്ങൾ നവസാഹിത്യങ്ങൾക്ക് വഴിമാറിക്കൊടുക്കുന്ന ഇക്കാലത്ത് ബഷീർ സാഹിത്യം വേറിട്ട് നിൽക്കുക തന്നെ ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )