
ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണങ്ങളിൽ പരിശോധനയും നടപടികളും ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
- തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ലൈസൻസ് ഇന്ന് റദ്ദാക്കിയേക്കും.
ന്യൂഡൽഹി:ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണങ്ങളിൽ പരിശോധനയും നടപടികളും ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോൾഡ്രിഫ് ചുമമരുന്ന് ഉൽപാദിപ്പിച്ച തമിഴ്നാട് കാഞ്ചീപുരത്തെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിൻ്റെ ലൈസൻസ് ഇന്ന് റദ്ദാക്കിയേക്കും. ലൈസൻസ് റദ്ദാക്കാൻ ഇന്നലെ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇന്ന് കൂടുതൽ മരുന്ന് സാമ്പിളുകളുടെ പരിശോധന ഫലവും ലഭിക്കും

.മധ്യപ്രദേശിലും രാജസ്‌ഥാനിലും മരിച്ച കുട്ടികൾ കഴിച്ച മരുന്നുകളുടെ 10 സാമ്പിളുകളിൽ 9 എണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ‘കോൾഡ്രിഫ്’ ചുമ സിറപ്പിലാണ് അനുവദനീയമായതിലേറെ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയത്. 9 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പുതുക്കിയ മാർഗനിർദേശങ്ങൾ പാലിക്കാത്ത മരുന്ന് നിർമാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
