
സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
- തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: ഇടതു സഹയാത്രികനും ,മുൻ എംഎൽഎയുമായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കന്റോൺമെന്റ് പൊലീസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. കുഞ്ഞുമുഹമ്മദിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്.സംവിധായിക മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ഗുരുതരമായ കാലതാമസം ഉണ്ടായെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.കുഞ്ഞുമുഹമ്മദിൽനിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബർ 27ന് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ വഴി ഡിസംബർ 2ന് ലഭിച്ച പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തത് 8നാണ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോൾ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും, കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലിൽ താമസിച്ചത്. ഹോട്ടൽ മുറിയിൽ വച്ചു സമ്മതമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും, അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലിൽ നിന്നു പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തിൽ, പരാതിയിൽ ആരോപിക്കുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നുവ്യക്തമായിട്ടുണ്ട്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
