
പയ്യോളിയിൽ പെൺമക്കൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ ; അച്ഛനെ ട്രെയിനിടിച്ചു മരിച്ച നിലയിലും കണ്ടെത്തി

- സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു
കോഴിക്കോട്: പയ്യോളി അയനിക്കാട് അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. പെൺമക്കളെ വീടിനുള്ളിലും അച്ഛനെ റെയിൽവെ ട്രാക്കിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷാണ് (42) റെയിൽവെ ട്രാക്കിൽ മരിച്ചത് . സുമേഷിന്റെ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീട്ടിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സുമേഷിന്റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി . ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിൻ്റെ മരണ വിവരം അറിയിക്കാൻ പരിസരവാസികൾ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സമീപത്തുള്ള സുമേഷിൻ്റെ അനുജന്റെ വീട്ടിലെത്തി നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. വാതിൽ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല.
എന്താണ് മരണ കാരണമെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗോപിക പത്താംതരം വിദ്യാർഥിയും അനുജത്തി ജ്യോതിക എട്ടാം തരത്തിലുമാണ് പഠിക്കുന്നത്.