നിയമമല്ലാത്ത നീതിയും ന്യായമില്ലാത്ത ശിക്ഷയും

നിയമമല്ലാത്ത നീതിയും ന്യായമില്ലാത്ത ശിക്ഷയും

നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️

സോഷ്യൽ മീഡിയ ഒരു കോടതിയല്ല,നിയമസംവിധാനത്തിന്റെ പകരക്കാരനുമല്ല. എന്നാൽ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ പലപ്പോഴും അതിന് ഒരു ന്യായാധിപന്റെ, ശിക്ഷാവിധേയകന്റെ,വധശിക്ഷ നടപ്പാക്കുന്നവന്റെ സ്ഥാനമാണ് ലഭിച്ചു വരുന്നത്.ഒരു പോസ്റ്റ്,ഒരു വീഡിയോ, ഒരു വാക്ക് അവയുടെ പശ്ചാത്തലവും സത്യാവസ്ഥകളും പരിശോധിക്കാതെ വൈറലാകുന്ന നിമിഷം മുതൽ ഒരാളുടെ ജീവിതം പൊതുജന വിധിയുടെ മുന്നിൽ നഗ്നമാക്കപ്പെടുന്നു.ആ വിധി പലപ്പോഴും തിരുത്താനാകാത്ത തെറ്റായി മാറാം;കാരണം സോഷ്യൽ മീഡിയയിൽ ഒരിക്കൽ പൊട്ടിപ്പുറപ്പെട്ട ആരോപണം,എത്ര വിശദീകരണങ്ങൾ നൽകിയാലും,എത്ര നിയമപരമായി നിരപരാധിത്വം തെളിയിച്ചാലും, പൂർണ്ണമായി മായ്ച്ചുകളയാൻ സാധിക്കാറില്ല എന്നതാണ് വാസ്തവം.

വ്യക്തിഹത്യ ശാരീരിക അക്രമത്തേക്കാൾ ശക്തമായ സാമൂഹിക ആയുധമായി ഇന്ന് മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യക്തിഹത്യയുടെ ആദ്യ ഇര ഒരാളായിരിക്കും; എന്നാൽ അതിന്റെ യഥാർത്ഥ ബാധിതർ ആയിരക്കണക്കിന് ആളുകളാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.ആ വ്യക്തിയുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മക്കൾ, മാതാപിതാക്കൾ,ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത പക്ഷേ ആ സംഭവത്തിൽ മാനസികമായി പങ്കാളികളാകുന്ന സമൂഹവും കൂടി ഇതിന്റെ ഭാഗമാകുന്നു.ഒരു തെറ്റായ ആരോപണം ഒരാളുടെ തൊഴിൽ ജീവിതം തകർക്കുന്നു; മാനസിക സമാധാനം കവർന്നെടുക്കുന്നു; സാമൂഹിക ബന്ധങ്ങൾ വിഷമയമാക്കുന്നു. ചിലപ്പോൾ അത് ആത്മഹത്യ പോലുള്ള അത്യന്തം ദുഃഖകരമായ അറ്റങ്ങളിലേക്ക് പോലും ആളുകളെ തള്ളിവിടുന്നുവെന്നത് നമ്മുടെ കാലത്തിന്റെ കഠിന യാഥാർത്ഥ്യമാണ്.അതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും കാണാനിടയായത്.

സോഷ്യൽ മീഡിയയുടെ ശക്തി അതിന്റെ വേഗതയാണ്. വാർത്തകൾക്കും അഭിപ്രായങ്ങൾക്കും പ്രതികരണങ്ങൾക്കും അതിവേഗത്തിൽ അതിർത്തികൾ മറികടക്കാൻ കഴിയും. എന്നാൽ ആ വേഗം തന്നെയാണ് ഏറ്റവും വലിയ അപകടവും. നിയമസംവിധാനം പ്രവർത്തിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്; അവിടെ അന്വേഷണം, വാദപ്രതിവാദങ്ങൾ, പ്രതിരോധത്തിനുള്ള അവസരം,അപ്പീൽ തുടങ്ങിയ ഘട്ടങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ ഇതൊന്നുമില്ല. അവിടെ ‘ആദ്യം കുറ്റപ്പെടുത്തുക, പിന്നെ ചിന്തിക്കുക’ എന്ന രീതിയാണ് നിഴലിക്കുന്നത്.ഒരിക്കൽ പൊതുജന മനസ്സിൽ ഒരു ‘കുറ്റവാളി’യുടെ ചിത്രം രൂപപ്പെട്ടാൽ,പിന്നെ ആ ചിത്രം തിരുത്തുക അത്യന്തം പ്രയാസകരമാണെന്നതോർക്കുക.

ഇത് വ്യക്തിഹത്യയുടെ പ്രശ്നം മാത്രമല്ല; ഇത് സമൂഹത്തിന്റെ ധാർമ്മിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അപകീർത്തിപ്പെടുത്തലിനൊപ്പം തന്നെ,തെറ്റായ വിവരങ്ങൾ, അർദ്ധസത്യങ്ങൾ, വികാരപരമായി വളച്ചൊടിച്ച കഥകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു.ഒരു സംഭവത്തിന്റെ പൂർണ്ണ പശ്ചാത്തലം അറിയാതെ, ഒരാളുടെ സ്വകാര്യ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രം പൊതുസ്ഥലത്ത് വലിച്ചെറിയുമ്പോൾ,നാം അറിഞ്ഞോ അറിയാതെയോ ഒരു സാമൂഹിക വിപത്തിനാണ് വഴിയൊരുക്കുന്നത്. ഈ വിപത്ത് വിശ്വാസത്തെ തകർക്കുന്നു; സംശയത്തെ വളർത്തുന്നു; മനുഷ്യബന്ധങ്ങളെ ശത്രുതാഭാവത്തിലേക്ക് തള്ളിവിടുന്നു.

സമൂഹമാധ്യമങ്ങൾ സ്വതന്ത്ര അഭിപ്രായപ്രകടനത്തിന്റെ വേദിയാണെന്നത് സംശയമില്ല.എന്നാൽ സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തം അനിവാര്യമാണ്. അഭിപ്രായസ്വാതന്ത്ര്യം മറ്റൊരാളുടെ മാനവും ആത്മാഭിമാനവും നശിപ്പിക്കാൻ ഉള്ള ലൈസൻസല്ല.ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുൻപ്,ഒരു കമന്റ് എഴുതുന്നതിന് മുൻപ്, ‘ഇത് സത്യമാണോ? ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും?ഞാൻ ഇതിലൂടെ ആരെയെങ്കിലും അന്യായമായി വേദനിപ്പിക്കുകയാണോ?’ എന്ന ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്.ഈ സ്വയംപരിശോധനയുടെ അഭാവമാണ് സോഷ്യൽ മീഡിയയെ പലപ്പോഴും ഒരു ‘ആൾക്കൂട്ട കോടതി’യാക്കി മാറ്റുന്നത്.

ഇന്നത്തെ യുവതലമുറ വലിയ തോതിൽ സാമൂഹമാധ്യമങ്ങളിൽ വളർന്നുവരുന്നവരാണ്. അവരുടെ മൂല്യബോധവും സാമൂഹിക ബോധവും വലിയൊരു പരിധിവരെ ഈ ഡിജിറ്റൽ ഇടങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. അവിടെ അവർ കാണുന്നത് നിരന്തരം അപമാനം, ട്രോളിംഗ്,പൊതു വിചാരണ,വ്യക്തിഹത്യ എന്നിവയാണെങ്കിൽ, അതിന്റെ ദീർഘകാല സാമൂഹിക പ്രത്യാഘാതം ഭീകരമായിരിക്കും. കരുണയും സഹാനുഭൂതിയും സ്ഥാനമൊഴിഞ്ഞ്, പരിഹാസവും ക്രൂരതയും സാധാരണവൽക്കരിക്കപ്പെടുന്ന ഒരു സമൂഹമാണ് അതിലൂടെ രൂപപ്പെടുന്നത്.

അതേസമയം,സോഷ്യൽ മീഡിയയെ പൂർണ്ണമായും കുറ്റവാളിയാക്കുന്നതും നീതിയല്ല.അതേ മാധ്യമങ്ങൾ വഴിയാണ് അനേകം അനീതികൾ പുറത്തുവരുന്നത്; അവഗണിക്കപ്പെട്ട ശബ്ദങ്ങൾ കേൾക്കപ്പെടുന്നത്; അധികാര ദുരുപയോഗങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്.പ്രശ്നം മാധ്യമത്തിലല്ല,അതിന്റെ ഉപയോഗത്തിലാണ്. നിയമപരമായ അന്വേഷണത്തിനും നീതിപാലനത്തിനും വഴിയൊരുക്കുന്ന വിവരങ്ങളും തെളിവുകളും പുറത്തുകൊണ്ടുവരുന്നതും,ഒരാളെ കുറ്റവാളിയാക്കി പൊതുസ്ഥലത്ത് തൂക്കിലേറ്റുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.ആ വ്യത്യാസം തിരിച്ചറിയാനുള്ള ബോധമാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്.

സാമൂഹ്യ വിപത്തുകൾക്ക്‌ അറുതി വരുത്താൻ ഭാഗീയമായ ഇടപെടലുകൾ ആവശ്യമാണ്. നിയമപരമായ ചട്ടങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്; ഓൺലൈൻ അപകീർത്തിപ്പെടുത്തലിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുള്ള കർശന നടപടികൾ സ്വീകരക്കേണ്ടതുണ്ട്, അതോടൊപ്പം തന്നെ, നിയമം മാത്രം മതിയാകില്ല.വിദ്യാഭ്യാസ സംവിധാനത്തിലൂടെ ഡിജിറ്റൽ സാക്ഷരതയും മീഡിയ ലിറ്ററസിയും കുട്ടികളിലും യുവാക്കളിലും വളർത്തേണ്ടതുണ്ട്. എന്താണ് വാർത്ത, എന്താണ് അഭിപ്രായം, എന്താണ് പ്രചാരണം ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. അൽഗോരിതങ്ങൾ പലപ്പോഴും വിവാദങ്ങളും വിദ്വേഷവും വളർത്തുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. ‘എൻഗേജ്മെന്റ്’ എന്ന പേരിൽ മനുഷ്യരുടെ ദുർബലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഈ സംവിധാനങ്ങൾ പുനഃപരിശോധിക്കപ്പെടണം.തെറ്റായ വിവരങ്ങൾ വേഗത്തിൽ പടരുന്നത് തടയാൻ, അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ, ഇരകൾക്ക് ഫലപ്രദമായ പരാതിസംവിധാനങ്ങൾ ഒരുക്കാൻ ഇവർ ബാധ്യസ്ഥരാണ്.

എന്നാൽ ഇതെല്ലാം കഴിഞ്ഞും,ഏറ്റവും വലിയ മാറ്റം വരേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്.സോഷ്യൽ മീഡിയയിൽ നമ്മൾ ഓരോരുത്തരും ഒരു ചെറിയ മാധ്യമസ്ഥാപനമാണ്. നമ്മുടെ കൈവശമുള്ള ‘ഷെയർ’ ബട്ടൺ ഒരു ശക്തമായ ആയുധമാണ്. അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നത്. നമുക്ക് ഒരു നിമിഷം നിശ്ചലമായി ചിന്തിക്കാൻ കഴിയുമെങ്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുൻപ് പല ജീവിതങ്ങളും തകർച്ചയിൽ നിന്ന് രക്ഷപ്പെടും.

സമൂഹ നന്മയ്ക്കായി സോഷ്യൽ മീഡിയയെ മാറ്റുക എന്നത് അസാധ്യമല്ല.മനുഷ്യരെ ബന്ധിപ്പിക്കുന്ന,അറിവ് പങ്കുവെക്കുന്ന, സഹാനുഭൂതി വളർത്തുന്ന,സാമൂഹിക നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഒരു വേദിയായി അതിനെ നിലനിര്‍ത്താൻ നമുക്ക് കഴിയും.അതിന് ആവശ്യമായത് സാങ്കേതിക പരിഹാരങ്ങളേക്കാൾ അധികം മാനസികവും ധാർമ്മികവുമായ പരിണാമമാണ്. മറ്റൊരാളുടെ വേദനയിൽ വിനോദം കണ്ടെത്താതെ, മറ്റൊരാളുടെ അപകീർത്തിയിൽ ആനന്ദം കാണാതെ, നീതിയെയും മാനവികതയെയും മുൻനിർത്തുന്ന ഒരു ഡിജിറ്റൽ സംസ്കാരം നമുക്ക് വളർത്തിയെടുക്കാം.

നിയമവും പ്ലാറ്റ്‌ഫോം നിയന്ത്രണങ്ങളും മാത്രമല്ല പരിഹാരം.ആനുകാലിക സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം,വ്യക്തിഗത ഉത്തരവാദിത്വത്തിന്റെ പ്രാധാന്യമാണ്.ഓരോ ഷെയറും, ഓരോ കമന്റും, ഒരു ചെറിയ പ്രവർത്തനമെന്നുപോലും തോന്നാമെങ്കിലും, അതിന് ഒരാളുടെ ജീവിതം മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്.ഒരു തെറ്റായ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ നമുക്ക് തീരുമാനിക്കാം;ഒരു അപകീർത്തികരമായ ട്രോളിൽ പങ്കുചേരാതിരിക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം.ഈ ചെറിയ തീരുമാനങ്ങൾ വലിയ സാമൂഹിക മാറ്റങ്ങൾക്ക് അടിസ്ഥാനമാകും തീർച്ച.

നാം ഓരോരുത്തരും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു,സോഷ്യൽ മീഡിയ ഒരു കോടതി അല്ല; അവിടെ വിധി പറയാൻ നമുക്ക് അധികാരമില്ല.നിയമവും നീതിയും അവരുടെ വഴിയിൽ പ്രവർത്തിക്കട്ടെ. നമ്മൾ ചെയ്യേണ്ടത് മനുഷ്യരായി നിലകൊള്ളുകയാണ്,സത്യം അന്വേഷിച്ച്, സഹാനുഭൂതിയോടെ പ്രതികരിച്ചു, മറ്റൊരാളുടെ ജീവിതം തകർക്കുന്ന ആൾക്കൂട്ട മനോഭാവത്തിൽ നിന്ന് വിട്ടുനിൽക്കുക.അങ്ങനെ ചെയ്താൽ മാത്രമേ, ഇന്ന് ഭീഷണിയായി മാറുന്ന സോഷ്യൽ മീഡിയ, നാളെയുടെ സാമൂഹിക നന്മയുടെ ശക്തമായ ഉപകരണമായി മാറുകയുള്ളൂ.

സോഷ്യൽ മീഡിയ നമ്മുടെ കാലത്തിന്റെ കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്നത് നമ്മുടെ മൂല്യങ്ങളാണ്. ഇന്ന് അത് ക്രൂരതയും അശാന്തിയും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ,നാളെ അത് കരുണയും നീതിയും പ്രതിഫലിപ്പിക്കണമെങ്കിൽ,മാറ്റം നമ്മിൽ നിന്നുതന്നെ ആരംഭിക്കണം. സോഷ്യൽ മീഡിയ കോടതി അല്ലെന്ന് ആവർത്തിച്ച് പറയുന്നതിലുപരി, അത് കോടതി ആകാൻ നാം അനുവദിക്കരുത് എന്ന ബോധമാണ് ഏറ്റവും പ്രധാനം.അപ്പോൾ മാത്രമേ, ഇന്ന് ആനുകാലിക സംഭവങ്ങൾ വഴി നമ്മെ ഭയപ്പെടുത്തുന്ന ഈ ഡിജിറ്റൽ ലോകം, നാളെയുടെ സാമൂഹിക നന്മയുടെ വേദിയായി മാറുകയുള്ളൂ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )