
സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭത്തിന് തുടക്കം
- ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഈ പുണ്യമാസം.
തിരുവനന്തപുരം:ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്.സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് പുണ്യകാലമാണ്. പ്രാർത്ഥനാനിരതമായ പകലിരവുകൾക്കൊപ്പം ഇഫ്താർ വിരുന്നുകൾ കൊണ്ടും ഒത്തുചേരലുകൾ കൊണ്ടും ഈ ദിനങ്ങൾ സമ്പന്നമാകും.

ഇസ്ലാം മത വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാർത്ഥനകളുടേയും നിറവിലാണ്.പുലർച്ചെ മുതൽ വൈകീട്ട് വരെ വിശ്വാസികൾ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാൻ. ഖുറാൻ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഈ പുണ്യമാസം.
