അഖില കേരള തായമ്പമത്സരം നാളെ

അഖില കേരള തായമ്പമത്സരം നാളെ

  • സ്കൂൾ യുവജനോത്സവത്തിന് പുറമെ ഇപ്പോൾ തായമ്പകയ്ക്കായുള്ള കേരളത്തിലെ ഏക മത്സരവേദിയാണ് കൊയിലാണ്ടിയിലെ തായമ്പകോത്സവം

കൊയിലാണ്ടി: ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൗമാര താരങ്ങളുടെ സംസ്ഥാനതല മത്സരത്തിന് കൊയിലാണ്ടിയിൽ വേദിയൊരുങ്ങുന്നു. ഏപ്രിൽ 7ന് , കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലാണ് തായമ്പകോത്സവം – അഖില കേരള തായമ്പക മത്സരം നടക്കുന്നത്. ശ്രീരുദ്ര ഫൗണ്ടേഷൻ ആണ് സംഘാടകർ .

പ്രാഥമിക സെലക്ഷനിൽ വിജയികളായ 17 മത്സരാർത്ഥികളാണ് തായമ്പക മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂൾ യുവജനോത്സവത്തിന് പുറമെ ഇപ്പോൾ തായമ്പകയ്ക്കായുള്ള കേരളത്തിലെ ഏക മത്സരവേദിയാണ് കൊയിലാണ്ടിയിലെ തായമ്പകോത്സവം. അതിനാൽത്തന്നെ തായമ്പകോത്സവം ഏറെ ശ്രദ്ധ ആകർഷിയ്ക്കുന്നു. വാദ്യകലാരംഗത്തെ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം മാറും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. സ്കൂൾ യുവജനോത്സവ വേദികളിലും ക്ഷേത്രോത്സവങ്ങളിലും യൂട്യൂബിലുമൊക്കെ തായമ്പക കൊട്ടി മിന്നിത്തിളങ്ങുന്നവരും പ്രമുഖ വാദ്യകലാ ഗുരുക്കമാരുടെ ശിഷ്യന്മാരുമാണ് മത്സരിയ്ക്കുന്നവർ. രണ്ട് പെൺകുട്ടികളും കൊട്ടിപ്പൊരു താനെത്തുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ സമ്മാനിയ്ക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് തായമ്പകോത്സവം അരങ്ങേറുന്നത്.

പ്രമുഖ ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യർ രാവിലെ 8 മണിക്ക് തായമ്പകോത്സവം ഉദ്‌ഘാടനം ചെയ്യും. കെ.പി.പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനാകും. പ്രമുഖ വാദ്യകലാകാരൻ കലാമണ്ഡലം ശിവദാസ് മാരാർ അനുഗ്രഹഭാഷണം നടത്തും.

വൈകീട്ട് 6.30ന് മത്സരം അവസാനിക്കും. 20 മിനിട്ടാണ് മത്സരസമയം . തായമ്പക കലയിൽ ആധികാരികതയുള്ള വിദഗ്ദർ വിധി നിർണ്ണയം നടത്തും. തായമ്പകയിലെ വ്യത്യസ്ഥ ശൈലികളുടെയും പുതു പ്രവണതകളുടെയും മാറ്റുരയ്ക്കലായി തായമ്പകോത്സവത്തിലെ പ്രകടനങ്ങൾ മാറും.

വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ശ്രീരുദ്ര ഫൗണ്ടേഷൻ ചെയർമാൻ എൻ.ഇ. മോഹനൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. കൽപ്പറ്റ നാരായണൻ, പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ എന്നിവർ മുഖ്യതിഥികളാവും. പ്രമുഖ കലാനിരൂപകൻ ഡോ. എൻ.പി. വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കൊയിലാണ്ടി നഗരസഭ ചെയർപേർസൺ സുധ കിഴക്കേപ്പാട്ട് , ബഹറിൻ വാദ്യകലാസംഘം ഡയരക്ടർ സന്തോഷ് കൈലാസ് എന്നിവർ അനുമോദന ഭാഷണം നടത്തും. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, കൗൺസിലർമാരായ ബിന്ദു.പി.ബി, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവർ ആശംസാ പ്രസംഗം നടത്തും. സ്വാഗത സംഘം ചെയർമാൻ രാജു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിയ്ക്കും.

സാരംഗ സ്മൃതി – ഫോട്ടോ പ്രദർശനം

മൺമറഞ്ഞ വിഖ്യാത തായമ്പക പ്രതിഭകളുടെ ഫോട്ടോ പ്രദർശനം തായമ്പകോത്സവത്തിൽ നടക്കും. തായമ്പകയ്ക്കും മേളത്തിനും ശൈലിയും മാർഗ്ഗദർശനവും നൽകി ജനപ്രിയമാക്കുന്നതിൽ മുൻനിരയിൽ നിന്ന മലമക്കാവ് കേശവപ്പൊതുവാൾ മുതൽ 30 വാദ്യകാരന്മാരുടെ ഓർമ്മകൾക്കുമുന്നിലുള്ള
തായമ്പകോത്സവത്തിൻ്റെ പ്രണാമമാണ് ഈ പ്രദർശനം.

കേരളീയകലകളുടെയും വിഞ്ജാന ശാഖകളുടെയും പരിപോഷണത്തിനായി പ്രവർത്തിയ്ക്കുന്ന ശ്രീരുദ്ര ഫൗണ്ടേഷനാണ് തായമ്പകോൽസവത്തിൻ്റെ സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക് -62357 24909/99464 87889

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )