
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും
- മൂന്നു ദിവസത്തെ സന്ദർശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് നാളെ ചർച്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും. മൂന്നു ദിവസത്തെ സന്ദർശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാർ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും.

നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കൂടിക്കാഴ്ചകൾ. നാളെ രാവിലെ മുതൽ ഉച്ചവരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ഗ്യാനേഷ് കുമാർ ചർച്ച നടത്തും. ഏഴിന് രാവിലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗ്യാനേഷ് കുമാർ കാണും. ഏഴാം തീയതി കൊച്ചിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.
