
വടകരയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റർ
- വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കണ്ണൂർ: വടകരയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റർ. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയണമെന്നും പോസ്റ്ററിൽ പറയുന്നു. വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.‘വടകര പാർലമെന്റിൽ കോഴിക്കോട് എംപിക്ക് എന്തുകാര്യം?അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുക. കോൺഗ്രസ് സിപിഐഎം ബിജെപി നേതാക്കൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക’, എന്നും പോസ്റ്ററിലുണ്ട്. നിയമസഭയിൽ മത്സരിക്കാനുള്ള നീക്കം മുല്ലപ്പള്ളി സജീവമാക്കിയിരുന്നു. ഈ നീക്കത്തെ എതിർത്ത് നേരത്തെ വടകര ഭാഗത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മുസ്ലിം ലീഗിന്റെ സ്വാധീന മേഖലയായ നാദാപുരത്ത് മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. നാദാപുരം നിയോജക മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരുന്നത്. സേവ് കോൺഗ്രസിൻ്റെ പേരിൽ പതിച്ച പോസ്റ്ററിൽ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറഞ്ഞിരുന്നു.
