
സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു
- ഒരു ഓർഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉൾപ്പെടെ) ഫീസ് ഉയർത്തിയത്
മുംബൈ : സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളിൽ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓർഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉൾപ്പെടെ) ഫീസ് ഉയർത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസിൽ ഏകദേശം 17 ശതമാനത്തിൻ്റെ വർധനയാണ് വരുത്തിയത്. സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വർധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു.
ആപ്പിൽ ഇപ്പോൾ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓർഡറിന് പ്ലാറ്റ്ഫോം ഫീസിൽ 2.40 രൂപയുടെ വർധനയാണ് വരുത്തിയത്.ഇതോടെ പ്ലാറ്റ്ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി ഉയർന്നു. 19.2 ശതമാനത്തിന്റെ വർധനയാണ് വരുത്തിയത്.സാങ്കേതിക ചെലവുകൾ, ആപ്പ് അറ്റകുറ്റപ്പണികൾ, മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാർജ് ഒഴികെ, ഉപഭോക്താക്കളിൽ നിന്നോ റെസ്റ്റോറൻ്റുകളിൽ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു.
