
സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം തിരൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു
- ലോക്കറുകൾ പ്രവർത്തിക്കുന്നത് മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി സ്ഥിരീകരണത്തിലൂടെയാണ്
മലപ്പുറം: സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം തിരൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. ഡിജിറ്റൽ ലഗേജ് ലോക്കറുകൾ സ്ഥിരമായി റെയിൽവേ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാകും.

ലോക്കറുകൾ പ്രവർത്തിക്കുന്നത് മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി സ്ഥിരീകരണത്തിലൂടെയാണ്. മുഴുവൻ സംവിധാനവും സി.സി.ടി.വി നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ. തിരൂർ റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സ്യൽ സ്റ്റേഷൻ മാനേജർ എൻ. സോമ സുന്ദരൻ, സ്റ്റേഷൻ സൂപ്രണ്ട് സി.വി. വിനോദ് കുമാർ എന്നിവർ ചേർന്നാണ് ഡിജിറ്റൽ ലഗേജ് ലോക്കർ ഉദ്ഘാടനം ചെയ്തത്.സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ഒരുക്കിയത് കോഴിക്കോട്റെയിൽവേ സ്റ്റേഷനിലാണ്.
