
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു
- പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയർന്നു
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയർന്നു. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കും . 35 വയസ് പൂർത്തിയായ സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും പെൻഷന് അപേക്ഷിക്കാം. അതിനാൽ തന്നെ ഗുണഭോക്താക്കൾ ഇനിയും കൂടും.

മലപ്പുറം ജില്ലയിലാണ് അപേക്ഷകർ കൂടുതൽ. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം.ഇവരിൽ 2.4 ലക്ഷം പേർക്ക് പെൻഷൻ കിട്ടിത്തുടങ്ങി. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.91 അപേക്ഷകരാണ് ജില്ലയിലുള്ളത്. 1.69 ലക്ഷം പേർക്കാണ് പെൻഷൻ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകർ. ഇതിൽ 44,851 പേർക്ക് പെൻഷൻ അനുവദിച്ചു. ബാക്കി അപേക്ഷകൾ പരിശോധനയിലാണ്. 35നും 60നും ഇടയിലുള്ള മഞ്ഞ, പിങ്ക് കാർഡുകളിലെ അംഗങ്ങളായ സ്ത്രീകൾക്കാണ് പെൻഷന് അർഹതയുള്ളത്.
