
വോട്ടെണ്ണൽ ദിനം ;കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു
- വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ നിരോധനാജ്ഞ ജില്ലാ കളക്ടർ പിൻവലിച്ചു. പകരം വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു. ജില്ലയിൽ പൂർണ്ണമായി നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആദ്യ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ തടയുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഉയർന്നതോടെയാണ് കളക്ടർ തീരുമാനം മാറ്റിയത്.

ഈ നിശ്ചിത പരിധിക്കുള്ളിൽ നാല് പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിന് തടസ്സമുണ്ടാകില്ല.
