
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു
- പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്
തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരുന്നു. പലയിടത്തും യാതൊരു മുന്നറിയിപ്പുമില്ലാതെ ദിവസത്തിൽ രണ്ടും മൂന്നും തവണയാണ് കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തുന്നത്. അരമണിക്കൂറോളം നീളുന്ന ഈ പവർകട്ടുകൾ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേക്ക് താഴ്ന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതിവാങ്ങാനുള്ള കെഎസ്ഇബിയുടെ ആവശ്യം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്ന് പരിഗണിക്കും.

എൽ നിനോ പതിഭാസം, മഴക്കുറവ്, കടുത്ത ചൂട്, രാജ്യത്താകമാനമുള്ള വെദ്യുതി ക്ഷാമം എന്നിവയാണ് നിലവിലെ ഇരുട്ടിലാക്കലിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കെഎസ്ഇബിയുടെ കൃത്യമായ പ്ലാനിങ്ങില്ലായ്മയാണ് കേരളത്തെ വീണ്ടും ഈ പ്രതിസന്ധിയിലേക്ക് ആക്കിയത്.
