
അധ്യാപനം മുടങ്ങാതെ സെൻസസ് ജോലി പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം
- ഓണപ്പരീക്ഷ അടുത്തിരിക്കെ അധ്യാപനം മുടങ്ങിയാൽ അത് വലിയ വിവാദങ്ങൾക്ക് വഴി തുറക്കുമെന്ന ആശങ്കയും അധ്യാപകർക്കുണ്ട്.
തിരുവനന്തപുരം: സെൻസസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരുടെ ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചുള്ള പൊതു ഭരണവകുപ്പിന്റെ ഉത്തരവിലും ആശയകുഴപ്പം. അധ്യാപനം മുടങ്ങാതെ സെൻസസ് ജോലി പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പും പൊതുഭരണ വകുപ്പും നിർദേശിക്കുന്നത്. ഓണപ്പരീക്ഷ അടുത്തിരിക്കെ അധ്യാപനം മുടങ്ങിയാൽ അത് വലിയ വിവാദങ്ങൾക്ക് വഴി തുറക്കുമെന്ന ആശങ്കയും അധ്യാപകർക്കുണ്ട്. ദേശീയ സെൻസസിന്റെ ഒന്നാംഘട്ടമാണ് നിലവിൽ നടക്കുന്നത്. ഭവന സെൻസസ് ആണ് ഈ മാസം 30 വരെ നടക്കുക. 61282 എന്യൂമറേറ്റർമാരേയും 10,189 സൂപ്പർവൈസർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ഇതിൽ ഭൂരിഭാഗവും അധ്യാപകരാണ്. അധ്യയനത്തെ ബാധിക്കാത്ത ശനി,ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്യണമെന്നും അതിനുപകരം ഒക്ടോബറിനകം 8 ദിവസം അവധി അനുവദിക്കാമെന്നുമായിരുന്നു കഴിഞ്ഞമാസം 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.സർക്കുലർ ചർച്ചയായതോടെ ഡ്യൂട്ടി അവധി നൽകി അധ്യാപകരെ കണക്കെടുപ്പ് ജോലിക്ക് വിടാൻ പൊതുഭരണം ഉത്തരവിറക്കി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സർക്കുലർ പ്രകാരം അധ്യാപകർ സ്കൂളിൽ വരാതിരുന്നാൽ അധ്യാപനം മുടങ്ങും. ഓണപ്പരീക്ഷ ആണെങ്കിൽ എത്താറായി, അധ്യാപകൻ ഇല്ലെങ്കിൽ അത് പഠനത്തെ ബാധിക്കുമെന്ന് വ്യക്തം.
