
കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും
- ഓണത്തിന് മുൻപായി കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽ കൂടി കുടുംബശ്രീ ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും.
കോട്ടയം : കുടുംബശ്രീയുടെ പ്രീമിയം ഭക്ഷ്യ ഉൽപന്നങ്ങൾ ഇനി കേരളത്തിലെ കൂടുതൽ സാധാരണക്കാരുടെ കൈകളിലേക്ക് എത്തും. ഇതിന്റെ ഭാഗമായി ഈ വരുന്ന ഓണത്തിന് മുൻപായി കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിൽ കൂടി കുടുംബശ്രീ ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കും. തൃശൂർ ജില്ലയിലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്ന വ്യാപാരി സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്. കേരളത്തിലും പുറത്തുമുള്ള അയ്യായിരത്തിലധികം സൂപ്പർമാർക്കറ്റുകൾ വഴി ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് .

ഇതിലൂടെ കുടുംബശ്രീ സംരംഭകർക്ക് സ്ഥിരമായ വലിയൊരു വിപണിയും നല്ലൊരു വരുമാനവും ലഭിക്കും. ആദ്യ ഘട്ടത്തിൽ താഴെ പറയുന്ന 12 ഇനം ഉൽപന്നങ്ങളാണ് വിപണിയിലെത്തുക. സാമ്പാർ മസാല, വെജിറ്റബിൾ മസാല, ചിക്കൻ മസാല, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, വിവിധതരം ധാന്യപ്പൊടികൾ (ആട്ട, പുട്ടുപൊടി തുടങ്ങിയവ) എന്നിവയാണ് സൂപ്പർ മാർക്കറ്റുകളിലേക്ക് എത്തുക.
