
കുറഞ്ഞ നിരക്കിൽ 200 മെഗാവാട്ട് പുനരുപയോഗ ഊർജം ലഭിക്കുന്ന കരാറിന് കെഎസ്ഇബി അംഗീകാരം തേടി
- കരാർ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക.
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ നിരക്കിൽ 200 മെഗാവാട്ട് പുനരുപയോഗ ഊർജം ലഭിക്കുന്ന കരാറിന് കെഎസ്ഇബി അംഗീകാരം തേടി. കരാർ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. സൗരോർജ നിലയങ്ങളിൽനിന്നു പകൽ ലഭിക്കുന്ന ഈ വൈദ്യുതി വൈകിട്ട് 6 മുതൽ അർധരാത്രി വരെയുള്ള ഏറ്റവും ആവശ്യകത കൂടിയ സമയത്ത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകും.വെൽസ്പൺ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിൽനിന്ന് സെകി 2.86 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതി യൂണിറ്റിന് 7 പൈസ ട്രേഡിങ് മാർജിൻ ചേർത്താണ് കെഎസ്ഇബിക്ക് 2.93 രൂപയ്ക്ക നൽകുക. പീക്ക് സമയത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിത്.ആവശ്യമായ വൈദ്യുതി നൽകാതിരുന്നാൽ കരാർ നിരക്കിന്റെ 1.5 ഇരട്ടി പിഴ ലഭിക്കാനും വ്യവസ്ഥയുണ്ട്. കെഎസ്ഇബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് പദ്ധതിക്ക് അംഗീകാരം നൽകി.

സെകിയുമായി ഒപ്പിടേണ്ട കരാറിന്റെ കരട് രേഖയും തയാറാക്കിയ ശേഷമാണ് റഗുലേറ്ററി കമ്മിഷൻ്റെ അനുമതി തേടിയത്. അടുത്ത വർഷം ജനുവരി മുതൽ 5 വർഷത്തേക്ക് പീക്ക് സമയത്തു മാത്രം 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറിന് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അനുമതി തേടി കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. വൈകിട്ട് 6 മുതൽ രാത്രി 12 വരെ വൈദ്യുതി കണ്ടെത്താനാണ് ടെൻഡർ ക്ഷണിച്ചത്. നിലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയത്തിലെ വില മാത്രം പരിഗണിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കാനാണ് വ്യവസ്ഥ
