
പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലേയ്ക്ക് എറിഞ്ഞ് തകർത്തെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
- താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷാഹിദ് അലിയെയാണ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി :ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലേയ്ക്ക് എറിഞ്ഞ് തകർത്തെന്ന പരാതിയിൽ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷാഹിദ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് പി. ദിനേഷും ഹൈവേ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സനോജ് കുമാറും നൽകിയ പരാതിയിലാണ് നടപടി.

ചീനിമുക്ക് ഭാഗത്ത് ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം നിർത്തിയിരിക്കുമ്പോഴാണ് സംഭവം. ഡ്രൈവർ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രതി അസഭ്യം പറയുകയും, വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഹോംഗാർഡ് പി. ദിനേഷിന്റെ ഏകദേശം 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിലേക്ക് എറിഞ്ഞ് തകർക്കുകയുമായിരുന്നു.മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ചിത്രം പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
