
എഡിജിപി അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്ന് സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് ബിനോയ് വിശ്വം
- ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും, തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്നും, ഈ കാര്യം സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും, തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്ക് യാതൊരുവിധ വാശിയുമില്ല. എല്ലാറ്റിലും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതൽ ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഐ എപ്പോഴും ശ്രമിക്കുന്നത്. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ വിഷയത്തെ ഒരു തർക്കമോ സംഘർഷമോ ആക്കി മാറ്റാൻ സിപിഐക്ക് യാതൊരു താല്പര്യവുമില്ല. പ്രശ്ന പരിഹാര ചർച്ചകൾക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടിട്ടുണ്ട്. സിപിഐഎം എക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു
