
ബിജെപി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
- ഫണ്ട് തട്ടിപ്പ് പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം
തിരുവനന്തപുരം: ബിജെപി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാന നേതാക്കൾ തന്നെ തെരഞ്ഞെടുപ്പ് ഫണ്ടിൽ തട്ടിപ്പ് നടത്തിയിട്ടും നേതൃത്വം ഇതുവരെ നടപടിയെടുത്തിട്ടില്ല. ഫണ്ട് തട്ടിപ്പ് പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാൻ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ നടപടിയില്ലാതെ പിറകോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എതിർപക്ഷം.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയിലെ പ്രധാന നേതാവിന്റെ നോട്ട് കെട്ടുകൾക്കൊപ്പമുള്ള സെൽഫി, തൃശൂരിലെ പണം നിറച്ച ചാക്ക് കെട്ടുകളുടെ വെളിപ്പെടുത്തൽ, താമര ചിഹ്നമുള്ള കൊടി വാങ്ങാൻ പലചരക്ക് കടയുടെ ജിഎസ്ടി ബില്ല് ഉപയോഗിച്ച് നടത്തിയ വ്യാജ ബിൽ തട്ടിപ്പ്, പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കും പ്ലക്കാർഡുകൾക്കായും നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ്, സംസ്ഥാന സെക്രട്ടറിക്ക് 31 ലക്ഷം രൂപ കമ്മീഷൻ നൽകിയെന്ന ശബ്ദസന്ദേശം എന്നിവയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്.
