
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും നൽകും
- പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019ന് ശേഷം ആദ്യമായാണ് നൽകുന്നത്
തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർഷം പുനഃസ്ഥാപിച്ചു നൽകുന്നത്.സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വർഷങ്ങൾക്ക് ശേഷം ആദ്യമായി പെൻഷൻകാർക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019ന് ശേഷം ആദ്യമായാണ് നൽകുന്നത്. ഓണം സാലറി അഡ്വാൻസ് 2023ന് ശേഷം നൽകിയിരുന്നില്ല.

ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസ് അല്ലെങ്കിൽ ഓണം അഡ്വാൻസ് തുക ലഭ്യമാക്കും. അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുൻപ് തന്നെ ജീവനക്കാരുടെ ശമ്പളവും പെൻഷൻ കുടിശ്ശികയുടെ ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നൽകുന്ന രീതിക്ക് പകരം ഓണക്കാലത്ത് ഒരൊറ്റ ഗഡുവായി ശമ്പളം പൂർണമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാൻ മാനേജ്മെന്റ് നടപടി സ്വീകരിക്കും.
വിരമിച്ച ജീവനക്കാർക്കും പെൻഷൻ കുടിശ്ശികകളും ഉത്സവബത്തയും കൃത്യമായി ലഭ്യമാക്കാൻ ആവശ്യമായ നിർദ്ദേശം ധനവകുപ്പ് നൽകിയിട്ടുണ്ട്. പ്രതിമാസം സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക അടിയന്തര സഹായമായി 33 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
